‘ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് അധമ മാധ്യമപ്രവർത്തനത്തിനുള്ള താക്കീത്’; സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: റിപ്പോർട്ടർ ചാനൽ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് ഈ അറസ്റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടിപ്പുകാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്നും എസ്എൻഡിപി മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വിമർശിച്ചു.
മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമാണ് ഇത്തരക്കാർ കരുതുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. മുട്ടിൽ മരംമുറി കേസിൽ ഉൾപ്പെടെ പ്രതികളായ ആന്റോ അഗസ്റ്റിനും സഹോദരങ്ങളും മറ്റ് പല തട്ടിപ്പുകളിലും പങ്കാളികളാണ്. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് ഇവർ തട്ടിപ്പ് നടത്തുകയായിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരിൽ ജനങ്ങളെ വിഡ്ഢികളാക്കിയ ഇവർ സംസ്ഥാന സ്പോർട്സ് വകുപ്പിനെയും മുൻ സ്പോർട്സ് മന്ത്രിയെയും വരെ ദുരുപയോഗം ചെയ്തു. മുൻ ഇടത് സർക്കാർ അറിഞ്ഞോ അറിയാതെയോ ഇതിന് കൂട്ടുനിന്നതായും അദ്ദേഹം ആരോപിച്ചു.
മാധ്യമ സ്ഥാപനങ്ങളിൽ പരിശോധന നടക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യം തകർന്നുവെന്ന് പരാതിപ്പെടുന്നത് തട്ടിപ്പുകാരെ വെള്ളപൂശുന്നതിന് തുല്യമാണ്. കോട്ടും സ്യൂട്ടുമിട്ട് അന്തിച്ചർച്ചകൾ നയിച്ച് പെട്ടെന്ന് മാധ്യമപ്രവർത്തകനായ ഒരാൾ നയിക്കുന്ന സ്ഥാപനത്തിൽ പോലീസ് കയറേണ്ട സാഹചര്യം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, കൊള്ളക്കാരും കൊലപാതകികളും മാധ്യമങ്ങൾ തുടങ്ങുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.