ഗ്യാസ് സിലിണ്ടറുകൾ ചുമക്കാൻ സ്ത്രീക്കാവില്ലെന്ന് പറഞ്ഞ് ജോലി നിഷേധിച്ചു; 38 വർഷത്തിന് ശേഷം ഇന്ത്യൻ ഓയിലിനോട് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടറുകള്‍ ചുമക്കുന്ന ജോലി സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്ന കാരണം പറഞ്ഞ് ജോലി നിഷേധിച്ച സംഭവത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് സുപ്രീം കോടതിയുടെ തിരിച്ചടി. 38 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍, ഹരിയാന സ്വദേശിയായ സുമിത്ര (63) എന്ന സ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐഒസിയുടെ നടപടി സ്ത്രീത്വത്തോടുള്ള അനാദരവും അപമാനവുമാണെന്ന് കോടതി നിരീക്ഷിച്ചു.
1988-ല്‍ ഹരിയാനയിലെ കര്‍ണാലില്‍ എല്‍പിജി ബോട്ട്ലിങ് പ്ലാന്റ് ആരംഭിച്ചപ്പോഴാണ് സുമിത്ര ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ആവശ്യമായ യോഗ്യതയുണ്ടായിട്ടും സ്ത്രീയാണെന്ന കാരണം ചൂണ്ടിക്കാട്ടി കമ്പനി ജോലി നിഷേധിക്കുകയായിരുന്നു. പുരുഷന്മാരുള്ള അന്തരീക്ഷത്തിലെ കഠിനമായ ജോലി സാഹചര്യം ഒരു സ്ത്രീക്ക് അനുയോജ്യമല്ലെന്നായിരുന്നു ഐഒസിയുടെ വാദം.
എന്നാല്‍, വീടുകളില്‍ പുരുഷന്മാര് ഇല്ലാത്ത സമയങ്ങളില്‍ ദിവസേന ഗ്യാസ് സിലിണ്ടറുകള്‍ എടുക്കുന്നതും മാറ്റുന്നതും സ്ത്രീകളാണെന്നു വ്യക്തമാക്കിയ ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഐഒസിയുടെ വാദം തള്ളി. സ്ത്രീയായതുകൊണ്ട് മാത്രം നിയമനം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
1990-ല്‍ ലേബര്‍ കോര്‍ട്ട് സുമിത്രയ്ക്ക് അനുകൂലമായി വിധി പറഞ്ഞിരുന്നുവെങ്കിലും, ഐഒസിയുടെ അപ്പീലില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇത് റദ്ദാക്കി. തുടര്‍ന്നാണ് സുമിത്ര സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞതിനാല്‍ സുമിത്രയ്ക്ക് 12 ലക്ഷം രൂപ ഒറ്റത്തവണയായി നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീം കോടതി വിധിച്ചത്.