27/09/2026
[fontresizer_tawhidurrahmandear_widget]

‘ശ്വസിക്കുന്ന വായുവിന് മേൽ ജി.എസ്.ടി ചുമത്താൻ സാധിക്കുമായിരുന്നെങ്കിൽ ധനമന്ത്രി അതും ചെയ്യുമായിരുന്നു’; യു.പി.ഐ ഫീസിൽ കേന്ദ്രത്തിനെതിരെ രാജ് താക്കറെ

 ‘ശ്വസിക്കുന്ന വായുവിന് മേൽ ജി.എസ്.ടി ചുമത്താൻ സാധിക്കുമായിരുന്നെങ്കിൽ ധനമന്ത്രി അതും ചെയ്യുമായിരുന്നു’; യു.പി.ഐ ഫീസിൽ കേന്ദ്രത്തിനെതിരെ രാജ് താക്കറെ

രാജ് താക്കറെ

മുംബൈ: നിശ്ചിത യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഇന്ത്യൻ വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും എതിരെയുള്ള ‘ഡിജിറ്റൽ കെണി’യാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. എവിടെനിന്നോ ഉള്ള ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചതെന്നും, സർക്കാരിന്റെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണെന്നും ആരോപിച്ച അദ്ദേഹം, പുതിയ ചാർജുകൾ നൽകരുതെന്ന് വ്യാപാരികളോട് പരസ്യമായി ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് രാജ് താക്കറെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ഒക്ടോബർ 15 മുതൽ വ്യാപാരികൾക്ക് നൽകുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ പേയ്‌മെന്റുകൾക്ക് 0.4 ശതമാനം ഫീസ് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പേഴ്‌സൺ-ടു-മെർച്ചന്റ് ഇടപാടുകളിൽ ഈ തുകയ്ക്ക് മുകളിൽ 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കുമ്പോൾ, 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സാധാരണക്കാരെയും വ്യാപാരികളെയും ആദ്യഘട്ടത്തിൽ ഡിജിറ്റൽ ഇടപാടുകളിലേക്ക് ആകർഷിച്ച ശേഷം ഇപ്പോൾ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് രാജ് താക്കറെ ആരോപിച്ചു. ‘സാമ്പത്തിക ഇടപാടുകൾ ലളിതമാക്കുക എന്നതായിരുന്നു ഡിജിറ്റൽ പണമിടപാട് സംവിധാനം കൊണ്ടുവന്നതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യമെങ്കിൽ, സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കാതെ ഈ സംവിധാനം സുസ്ഥിരമായി നിലനിർത്താൻ പ്രാരംഭ നിക്ഷേപ ഘട്ടത്തിൽ തന്നെ ആവശ്യമായ വ്യവസ്ഥകൾ ഉണ്ടാക്കാതിരുന്നത് എന്തുകൊണ്ടാണ്?’ എന്ന് അദ്ദേഹം ചോദിച്ചു.

ഇത്തരം പേയ്‌മെന്റ് സംവിധാനങ്ങൾക്ക് ദീർഘകാല പരിപാലനത്തിനും സൈബർ സുരക്ഷയ്ക്കുമായി തുക ആവശ്യമാണെന്നിരിക്കെ, ഇതിനായി സ്ഥിരമായ ഒരു ബജറ്റ് വിഹിതം മാറ്റിവെക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആരാഞ്ഞു. ‘ചുരുക്കത്തിൽ, ജനങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ തെറ്റായ പ്രതീതി നൽകിയ ശേഷം അവരെ നിശബ്ദമായി ഒരു ‘ഡിജിറ്റൽ കെണി’യിൽ പെടുത്തിയിരിക്കുകയാണ്. എല്ലാം സുഗമമായി നടക്കുന്നുവെന്ന് കരുതി സ്വയം മറന്നിരിക്കരുതെന്ന് വർഷങ്ങളായി ഞാൻ മുന്നറിയിപ്പ് നൽകുന്നതാണ്. ഈ സർക്കാർ ഒടുവിൽ നിങ്ങളുടെ വാതിലിൽ മുട്ടുമെന്ന് ഞാൻ പറഞ്ഞിരുന്നു, ആ പ്രക്രിയ ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു,’ താക്കറെ വ്യക്തമാക്കി.

2,000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ബാധകമാകുമ്പോൾ, വ്യാപാരികൾ ഈ ഭാരം സ്വന്തം നിലയിൽ വഹിക്കണമെന്ന സർക്കാർ വാദത്തെയും താക്കറെ ചോദ്യം ചെയ്തു. ‘വ്യാപാരികൾ ഇത് ഉപഭോക്താക്കളുടെ മേൽ ചുമത്താതെ സ്വന്തം പോക്കറ്റിൽ നിന്ന് വഹിക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്? ഇത് നിരീക്ഷിക്കാൻ സർക്കാരിന് എന്തെങ്കിലും സംവിധാനമുണ്ടോ? ഇല്ല എന്നതാണ് വ്യക്തമായ ഉത്തരം,’ അദ്ദേഹം പറഞ്ഞു. ശ്വസിക്കുന്ന വായുവിന് മേൽ 18 ശതമാനം ജി.എസ്.ടി ചുമത്താൻ സാധിക്കുമായിരുന്നെങ്കിൽ ധനമന്ത്രി അത് ചെയ്യുമായിരുന്നുവെന്നും, അത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് എം.ഡി.ആറിന് മേൽ ജി.എസ്.ടി ചുമത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.

‘എവിടെയൊക്കെ സാധിക്കുമോ അവിടെയൊക്കെ ജനങ്ങളുടെ പോക്കറ്റിൽ കൈയിട്ട് വാരുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി മോദി വിദേശരാജ്യങ്ങളിൽ പോയി യു.പി.ഐയെ പ്രശംസിക്കുകയും സ്വന്തം മുതുകിൽ തട്ടുകയും ചെയ്യാറുണ്ടായിരുന്നു; അടുത്ത തവണ വിദേശ സന്ദർശനം നടത്തുമ്പോൾ എം.ഡി.ആറും ജി.എസ്.ടിയും എങ്ങനെയാണ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് വിശദീകരിക്കുമോ?’ താക്കറെ ചോദിച്ചു.

യു.എസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ നീക്കമെന്ന കോൺഗ്രസ് ആരോപണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ തീരുമാനത്തിന് മുമ്പ് ആരുമായാണ് കേന്ദ്രം കൂടിയാലോചന നടത്തിയതെന്ന് വെളിപ്പെടുത്താൻ തയ്യാറാണോ എന്നും, വിദേശ കാർഡ് കമ്പനികളും ആഗോള പേയ്‌മെന്റ് സംവിധാനങ്ങളും യു.പി.ഐയുടെ വളർച്ചയിൽ അസ്വസ്ഥരായിരുന്നു എന്ന കാര്യം നിഷേധിക്കാൻ കേന്ദ്രത്തിന് സാധിക്കുമോ എന്നും ചോദിച്ചു. എവിടെനിന്നോ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നും സ്വന്തം ഖജനാവ് നിറയ്ക്കാനുള്ള അവസരമായി സർക്കാർ ഇതിനെ മാറ്റിയെന്നും കുറ്റപ്പെടുത്തിയ താക്കറെ, പ്രശ്നം നാൽപ്പത് പൈസയുടേതോ നാൽപ്പത് രൂപയുടേതോ അല്ല, മറിച്ച് സർക്കാരിന്റെ ഉദ്ദേശശുദ്ധിയുടേതാണെന്നും, നോട്ട് നിരോധനത്തിലായാലും ഡിജിറ്റൽ ഇടപാടുകളിലായാലും സർക്കാരിന്റെ ലക്ഷ്യങ്ങൾ ഒരിക്കലും സുതാര്യമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

Also read: