കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും? ചോദ്യത്തിൽ ഉരുണ്ടുകളിച്ച് ഷോൺ ജോർജ്
ഷോൺ ജോർജ്
തിരുവനന്തപുരം: സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ പുറത്തുവിട്ട രേഖകളിൽ ബി.ജെ.പി നേതാവ് വി. മുരളീധരന്റെ പേരുണ്ടല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മറുപടി നൽകാനാവാതെ ഉരുണ്ടുകളിച്ച് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. രേഖയിലുള്ളത് വി. മുരളീധരന്റെ പേരല്ലെന്നും അത് കെ. മുരളീധരന്റെ പേരാണെന്നും വാദിച്ചായിരുന്നു ഷോണിന്റെ മറുപടി.
എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖയെന്ന പേരിൽ പേജുകൾ പുറത്തുവിട്ടതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ രേഖയിലെ പേര് ചൂണ്ടിക്കാണിച്ചപ്പോൾ ‘കെ. മുരളീധരനാണ്, വി. മുരളീധരൻ അല്ല’ എന്നായിരുന്നു ഷോണിന്റെ പ്രതികരണം. തനിക്ക് ലഭിച്ച രേഖകളിലൊന്നും ബി.ജെ.പി നേതാക്കളുടെ പേരുകളില്ലെന്ന് അദ്ദേഹം പറഞ്ഞു. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ അയച്ചുതന്ന രേഖകളാണ് താൻ പങ്കുവെച്ചതെന്നും, രേഖയിലുള്ളത് തെറ്റാണെങ്കിൽ സംശയമുള്ളവർ കേസ് കൊടുക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ബി.ജെ.പി നേതാക്കൾ ആരും ഇക്കാലയളവിൽ ഭരണത്തിലോ പ്രിവെൻഷൻ ഓഫ് കറപ്ഷൻ ആക്ടിന്റെ പരിധിയിൽ വരുന്ന അധികാര സ്ഥാനങ്ങളിലോ ഉണ്ടായിരുന്നില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു. കേസിൽ വിജിലൻസ് അന്വേഷണമാണ് നടക്കേണ്ടത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മകൾ വീണയ്‌ക്കെതിരെയും രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം, കമ്പനിയുമായി കരാറുണ്ടാക്കിയതിലും പ്രതിഫലം കൈപ്പറ്റിയതിലും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കൾ തിരഞ്ഞെടുപ്പ് ഫണ്ടോ പാർട്ടി ഫണ്ടോ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അത് ജനപ്രതിനിധ്യ നിയമപ്രകാരം ഇലക്ഷൻ കമ്മീഷനിൽ കൃത്യമായി കണക്ക് കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി അക്കൗണ്ടുകളിൽ രേഖപ്പെടുത്താതെ കൈപ്പറ്റിയ തുകകൾ തെറ്റാണെന്നും ഏതൊരു നേതാവായാലും അതിൽ അന്വേഷണം വേണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.