27/09/2026
[fontresizer_tawhidurrahmandear_widget]

‘എനിക്കെതിരെ ആരോപണം വന്ന സമയത്ത് രമേശ്ജി വിളിച്ചു, ഒപ്പമുണ്ടെന്ന് പറഞ്ഞു; പ്രതിസന്ധി ഘട്ടത്തിൽ ചേർത്തുപിടിച്ചു’: മനസ്സ് തുറന്ന് നിവിൻ പോളി

 ‘എനിക്കെതിരെ ആരോപണം വന്ന സമയത്ത് രമേശ്ജി വിളിച്ചു, ഒപ്പമുണ്ടെന്ന് പറഞ്ഞു; പ്രതിസന്ധി ഘട്ടത്തിൽ ചേർത്തുപിടിച്ചു’: മനസ്സ് തുറന്ന് നിവിൻ പോളി

നിവിൻ പോളി

കോഴിക്കോട്: ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട സമയത്തും കല്യാൺ കുടുംബം തനിക്കൊപ്പം ഉറച്ചുനിന്ന അനുഭവങ്ങൾ മനസ്സ് തുറന്ന് പങ്കുവെച്ച് നടൻ നിവിൻ പോളി. തനിക്കെതിരെ ആരോപണം വന്ന സമയത്തും കല്യാണിന്റെ പരിപാടിക്ക് കല്യാൺ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറായ രമേശ് കല്യാൺ വിളിച്ചുവെന്നും ഒപ്പമുണ്ടെന്ന് ഉറപ്പുനൽകിയെന്നും നിവിൻ ഓർത്തെടുത്തു. കോഴിക്കോട്ട് വെച്ച് നടന്ന കല്യാൺ ഹോംസ് ലെഗസിയുടെ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് തനിക്കെതിരെ ഒരു ആരോപണം ഉയർന്ന കാര്യം ഓർത്തെടുത്ത നിവിൻ, അന്ന് രാത്രി നടക്കുന്ന പരിപാടിയിലേക്ക് രമേശ്ജി വിളിച്ചപ്പോൾ ഇത്തരം ഒരു വിഷയത്തിൽ നിൽക്കുമ്പോൾ താൻ വരുന്നത് ശരിയാവില്ലെന്ന് പറഞ്ഞതായി വ്യക്തമാക്കി. എന്നാൽ എന്തായാലും വന്നേ പറ്റൂ എന്ന് അവർ നിർബന്ധിക്കുകയായിരുന്നു. ആ രാത്രി താൻ പരിപാടിയിൽ പങ്കെടുത്തു.

അവിടെ ചെന്നപ്പോൾ എന്തിനാണ് തന്നോട് വരാൻ പറഞ്ഞതെന്നും ഇത്തരം ഒരു സാഹചര്യത്തിൽ മാറിനിൽക്കാമായിരുന്നില്ലേ എന്നും ചോദിച്ചതായി നിവിൻ പറഞ്ഞു. എന്നാൽ കല്യാൺ കൂടെയുണ്ടെന്നും ഒരു പ്രശ്നത്തിൽ നിൽക്കുമ്പോൾ മാറിനിൽക്കുന്നവരല്ല തങ്ങളെന്നും അവർ വ്യക്തമാക്കുകയായിരുന്നു. എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ലെന്നും അത് വളരെ പേഴ്സണലായി താൻ മനസ്സിൽ കൊണ്ട് നടക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രശ്നം വരുമ്പോൾ ആരൊക്കെ കൂടെ നിൽക്കുന്നു എന്നതാണല്ലോ ഏറ്റവും വലിയ കാര്യമെന്നും കല്യാൺ ഫാമിലിയിൽ നിന്ന് തനിക്ക് ലഭിച്ച വലിയൊരു അനുഭവമായിരുന്നു അതെന്നും നിവിൻ തുറന്നുപറഞ്ഞു.

കല്യാൺ ഹോംസ് ബ്രാൻഡ് അംബാസിഡറായ നിവിൻ പോളി 62 കുടുംബങ്ങൾക്കുള്ള താക്കോലുകൾ ചടങ്ങിൽ കൈമാറി. കല്യാൺ ഹോംസിന്റെ കേരളത്തിലെ 18-ാമത്തെയും കോഴിക്കോട്ടെ രണ്ടാമത്തെയും പ്രൊജക്ടാണ് ചാലപ്പുറത്തുള്ളത്. കല്യാണുമായി സഹകരിക്കാൻ സാധിക്കുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും നിവിൻ പോളി വ്യക്തമാക്കി.

Also read: