01/10/2026
[fontresizer_tawhidurrahmandear_widget]

‘യൂത്ത് കോൺഗ്രസ് അക്രമം ആസൂത്രിതം; കോൺഗ്രസിന്റെ എല്ലാ സംഘടനകളും ഒരുമിച്ച് വന്നാലും താങ്ങില്ല’: വെല്ലുവിളിച്ച് SFI ദേശീയ പ്രസിഡന്റ് ആദർശ് സജി

 ‘യൂത്ത് കോൺഗ്രസ് അക്രമം ആസൂത്രിതം; കോൺഗ്രസിന്റെ എല്ലാ സംഘടനകളും ഒരുമിച്ച് വന്നാലും താങ്ങില്ല’: വെല്ലുവിളിച്ച് SFI ദേശീയ പ്രസിഡന്റ് ആദർശ് സജി

ന്യൂഡൽഹി/തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘർഷങ്ങൾക്ക് തുടക്കമിട്ടത് യൂത്ത് കോൺഗ്രസാണെന്നും കോൺഗ്രസിന്റെ എല്ലാ പോഷക സംഘടനകൾ ഒരുമിച്ച് വന്നാലും എസ്എഫ്ഐയെ ഒന്നും ചെയ്യാനാകില്ലെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് സജി. സമരം കഴിഞ്ഞ ശേഷം തീപ്പന്തവുമായി എത്തി വിദ്യാർഥികളെ കൊല്ലാനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചതെന്നും, കൊടി കത്തിച്ചവരെ ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 16 ലക്ഷം അംഗങ്ങളുള്ള സംഘടനയാണ് എസ്എഫ്ഐയെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരള പൊലീസിനെതിരെയും ആദർശ് സജി കടുത്ത വിമർശനമുന്നയിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ സിഐയും എസ്ഐയും ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും കൂലിത്തല്ലുകാരായി പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളെ ലക്ഷ്യമിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്ഐ നേതാവ് എം. വിജിൻ എംഎൽഎ വെല്ലുവിളിച്ചു. ഒ.ജെ. ജനീഷും ഷാഫിയുമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും മർദിക്കാനാണ് തിരുമാനമെങ്കിൽ തെരുവിൽ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ തലസ്ഥാനത്ത് മണിക്കൂറുകളോളം നീണ്ട സംഘർഷത്തിന് തുടക്കമിട്ടത് എസ്എഫ്ഐക്കാരുടെ കൂവലാണെന്നാണ് പൊലീസ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസുകാരുടെ കയ്യിലെ പന്തം ആളിക്കത്തിയപ്പോൾ എസ്എഫ്ഐക്കാർ കൂവുകയും തുടർന്ന് കുപ്പിയും പന്തവും വലിച്ചെറിയുകയുമായിരുന്നു. എസ്എഫ്ഐക്കാർ വീണ്ടും ആക്രമിച്ചെന്ന പ്രചാരണത്തെ തുടർന്നാണ് രണ്ടാംഘട്ട സംഘർഷമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

Also read: