വ്യാപാരിയെ അധിക്ഷേപിച്ചെന്ന പരാതി; ജിം ഉടമ മുഹമ്മദ് ദീപക് ഉത്തരാഖണ്ഡിൽ അറസ്റ്റിൽ
ഡെറാഡൂൺ: പ്രാദേശിക ബിസിനസുകാരനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ജിം ഉടമ മുഹമ്മദ് ദീപക് ഉത്തരാഖണ്ഡിൽ അറസ്റ്റിൽ. പൗരി ഗർവാൾ ജില്ലയിലെ കോട്ദ്വാർ സ്വദേശിയായ ദീപകിനെ ഇന്നലെ വൈകുന്നേരത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി മുൻകരുതൽ നടപടിയായാണ് അറസ്റ്റ്.
വ്യാപാരിയായ സഞ്ജീവ് ടോങ്ക് കോട്ദ്വാർ കോട്വാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീപക് തന്നോട് മോശമായി പെരുമാറുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ആക്രമിക്കാനും വധഭീഷണി മുഴക്കാനും മുതിർന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും പരിശോധിച്ചതിൽ നിന്ന് പരാതിക്കാരന് നേരെ അധിക്ഷേപവും ആക്രമണവും നടന്നതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. മുൻകരുതലെന്ന നിലയിൽ കോട്ദ്വാർ മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ പൊലീസ് ഫ്ലാഗ് മാർച്ചും നടത്തി.
കഴിഞ്ഞ ജനുവരി 26-ന് കോട്ദ്വാറിലെ ‘ബാബ ഡ്രസ്സ്’ എന്ന കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ എത്തിയപ്പോൾ, അതിനെ ചോദ്യം ചെയ്തതോടെയാണ് ദീപക് ശ്രദ്ധനേടുന്നത്. വ്യാപാരിയായ വക്കീൽ അഹമ്മദിനെ സംരക്ഷിക്കാൻ ഇടപെട്ട ദീപകിനോട് പേര് ചോദിച്ചപ്പോൾ ‘മുഹമ്മദ് ദീപക്’ എന്നാണ് ഇദ്ദേഹം മറുപടി നൽകിയത്.
ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ദീപകിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്റെ ഹീറോയെന്ന് വിശേഷിപ്പിച്ച ദീപകിന്റെ ജിമ്മിൽ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് മെമ്പർഷിപ്പ് എടുത്തതും വലിയ വാർത്തയായിരുന്നു.