19/10/2026
[fontresizer_tawhidurrahmandear_widget]

‘ഗസ്സയിലെ കുഞ്ഞുങ്ങളെപ്പോലും കൊല്ലണമെന്ന് ഇസ്രയേലിലെ യുവാക്കൾ ആവശ്യപ്പെട്ടിരുന്നു’: ഇസ്രയേൽ പ്രതിപക്ഷനേതാവ്

 ‘ഗസ്സയിലെ കുഞ്ഞുങ്ങളെപ്പോലും കൊല്ലണമെന്ന് ഇസ്രയേലിലെ യുവാക്കൾ ആവശ്യപ്പെട്ടിരുന്നു’: ഇസ്രയേൽ പ്രതിപക്ഷനേതാവ്

തെൽ അവീവ്: ഗസ്സയില്‍ നിരപരാധികളായി ആരുമില്ലെന്നും രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെപ്പോലും കൊല്ലണമെന്ന് ഇസ്രയേലിലെ യുവാക്കള്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ യെര്‍ ലാപിഡ്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ലാപിഡ് ഇസ്രയേലി സമൂഹത്തിലെ തീവ്രനിലപാടുകളെ വെളിപ്പെടുത്തിയത്.

ഒരു കൂട്ടം യുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷമകരമായ അനുഭവം ഉണ്ടായതെന്ന് ലാപിഡ് പറഞ്ഞു. ഗസ്സയില്‍ എല്ലാവരെയും കൊല്ലണമെന്ന് ആവശ്യപ്പെട്ട യുവാക്കളോട് കുഞ്ഞുങ്ങളെപ്പോലും കൊല്ലണമെന്നാണോ ഉദ്ദേശിച്ചതെന്ന് തിരിച്ചുചോദിച്ചപ്പോൾ, അവര്‍ വളരുമ്പോള്‍ തീവ്രവാദികളാകുമെന്നും അതിനാൽ കുഞ്ഞുങ്ങളെയും കൊല്ലണമെന്നുമാണ് മറുപടി ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേല്‍ സര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര പരാജയങ്ങളെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. രാജ്യത്തെ വിമര്‍ശിക്കുന്നവരെ ബഹിഷ്‌കരിക്കുന്ന സര്‍ക്കാര്‍ നടപടി വലിയ തെറ്റാണ്. അയര്‍ലണ്ടിലും സ്‌പെയിനിലുമെല്ലാം ഇസ്രയേലിനെതിരെ നടക്കുന്ന ചര്‍ച്ചകള്‍‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് ലാപിഡ് ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും ന്യായമായ യുദ്ധമാണ് ഇസ്രയേല്‍ നടത്തുന്നതെങ്കിലും അതിനിടയില്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന് ലാപിഡ് പറഞ്ഞു. ഗസ്സയില്‍ അണുബോംബ് വര്‍ഷിക്കണമെന്നും കുട്ടികളെ പട്ടിണിക്കിടുന്നത് യുദ്ധതന്ത്രമാണെന്നും ഭരണകക്ഷിയിലെ മന്ത്രിമാര്‍ പരസ്യമായി പറയുകയും, അങ്ങനെയുള്ളവരെ പുറത്താക്കാതിരിക്കുകയും ചെയ്താല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തിന് ഒരിക്കലും കരകയറാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഒക്ടോബര്‍ മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗസ്സയില്‍ 74,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ പൊതുജനങ്ങളും പോരാളികളും തമ്മില്‍ വ്യത്യാസമില്ലെന്നും കൂടുതല്‍ ബലപ്രയോഗം നടത്തണമെന്നും നിരവധി ഇസ്രയേലി ഉദ്യോഗസ്ഥരും പ്രമുഖരും നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.

Also read: