19/10/2026
[fontresizer_tawhidurrahmandear_widget]

സഹനം മതിയാക്കാം, ഇനി ‘സ്പീക്ക് അപ്പ്’: ഗാർഹിക പീഡനങ്ങൾക്കെതിരെ പ്രത്യേക ദൗത്യസേന; അജിത ബീഗം ഐപിഎസിന് ചുമതല

 സഹനം മതിയാക്കാം, ഇനി ‘സ്പീക്ക് അപ്പ്’: ഗാർഹിക പീഡനങ്ങൾക്കെതിരെ പ്രത്യേക ദൗത്യസേന; അജിത ബീഗം ഐപിഎസിന് ചുമതല

തിരുവനന്തപുരം: ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും സഹായവും നൽകുന്നതിനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി. ഐജി അജിത ബീഗം ഐപിഎസിനാണ് ഈ ദൗത്യത്തിന്റെ ഏകോപന ചുമതല നൽകിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആവിഷ്കരിച്ച ഒാപ്പറേഷൻ തൂഫാന് ശേഷമാണ് ആഭ്യന്തരവകുപ്പ് പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.

ഗാർഹിക അതിക്രമങ്ങൾക്ക് തടയിടുക, അതിജീവിതർക്ക് ആവശ്യമായ നിയമസഹായവും വൈകാരിക കൗൺസിലിങ്ങും ഉറപ്പുവരുത്തുക, സുരക്ഷിതമായ പാർപ്പിടവും തൊഴിൽമാർഗ്ഗവും ഒരുക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. പീഡനങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുന്നതോടൊപ്പം, തുറന്നുപറയാൻ മടിക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാനുള്ള സഹായസംവിധാനവും ഇതിലൂടെ ലഭ്യമാക്കും.

ഉന്നതതല വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പൂർണ്ണ മേൽനോട്ടത്തിലാണ് ഈ ദൗത്യസേന പ്രവർത്തിക്കുക. ഇതുസംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് തത്വത്തിൽ ഉത്തരവിറക്കിക്കഴിഞ്ഞു.

‘സഹനം മതി, ഇനി ശബ്‌ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആത്മവിശ്വാസം തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങൾ. സാമ്പത്തിക പ്രയാസങ്ങളോ കുടുംബപരമായ ഭയമോ കാരണം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാകും പോലീസിന്റെ ഇടപെടലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് വർഷത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 92 സ്ത്രീകളാണ് ഗാർഹിക പീഡനത്തെ തുടർന്ന് ജീവൻ വെടിഞ്ഞത്. ഭയം മൂലം പലരും പരാതിപ്പെടാതെ നിശബ്ദത പാലിക്കുന്ന സാഹചര്യമുണ്ട്. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പരാതി സമർപ്പിക്കുന്ന വിധം, ലഭ്യമാകുന്ന നിയമപരമായ ആനുകൂല്യങ്ങൾ, കേസിന്റെ തുടർന്നുള്ള ഘട്ടങ്ങൾ എന്നിവയിൽ സ്പീക്ക് അപ്പ് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകും. സ്വന്തം സുഹൃത്തിനോടോ സഹോദരിയോടോ എന്നപോലെ ഭയരഹിതമായി പരാതികൾ പങ്കുവെക്കാനുള്ള അന്തരീക്ഷമാണ് ഇവിടെയൊരുക്കുക.

സാധാരണ പോലീസ് അന്വേഷണ രീതികളിൽ നിന്ന് വ്യത്യസ്തമായി അതിജീവിതകളുടെ വ്യക്തിഗത സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് പദ്ധതി നൽകുന്നത്. പരാതി സന്ദേശം ലഭിച്ചാൽ സിവിൽ വേഷത്തിലാകും പോലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെടുക. കേസുകളുടെ പുരോഗതി, കൗൺസിലിങ്, ഉപജീവന മാർഗ്ഗങ്ങൾ എന്നിവ വിലയിരുത്താൻ ഓരോ കേസിനും പ്രത്യേക ഓഫീസർമാരെ ചുമതലപ്പെടുത്തുകയും ആഴ്ചയിലൊരിക്കൽ ഇവർ സ്ഥിതിഗതികൾ പരിശോധിക്കുകയും ചെയ്യും.

ഗാർഹിക അതിക്രമക്കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് എന്നിവ നിഷേധിക്കുന്നത് ഉൾപ്പെടെയുള്ള കടുപ്പമേറിയ നടപടികൾ സ്വീകരിക്കാൻ ആലോചിക്കുന്നതായി സ്പീക്ക് അപ്പ് മേധാവി അജിത ബീഗം ഐപിഎസ് വ്യക്തമാക്കി.

Also read: