30/10/2026
[fontresizer_tawhidurrahmandear_widget]

ലാത്തിച്ചാർജിനെ ഭയക്കേണ്ടതില്ല’; ഇന്ത്യ സഖ്യത്തിന്റെ ഡൽഹി ചലോ മാർച്ചിലേക്ക് ജനങ്ങളെ ക്ഷണിച്ച് രാഹുൽ ഗാന്ധി

 ലാത്തിച്ചാർജിനെ ഭയക്കേണ്ടതില്ല’; ഇന്ത്യ സഖ്യത്തിന്റെ ഡൽഹി ചലോ മാർച്ചിലേക്ക് ജനങ്ങളെ ക്ഷണിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജനാധിപത്യ സംരക്ഷണത്തിനും വോട്ട് മോഷണത്തിനുമെതിരെ ഇന്ത്യ സഖ്യം ഡൽഹി രാംലീലാ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഡൽഹി ചലോ മാർച്ചിലേക്ക് രാജ്യത്തെ എല്ലാ ജനങ്ങളെയും ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നവംബർ ഒന്നിന് നടക്കുന്ന മാർച്ചിൽ പോലീസിന്റെയോ ലാത്തിച്ചാർജിന്റെയോ ഭീഷണികളെ ഭയക്കേണ്ടതില്ലെന്നും, രാജ്യത്തെ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ട് മോഷണം തടയാനും ഭരണഘടന സംരക്ഷിക്കാനുമുള്ള ഈ മാർച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടേത് മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ആത്മാവിന്റെ മാർച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് നടപടികളെ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, ബിജെപിക്ക് അവരുടെ പതിവ് തന്ത്രങ്ങൾ പ്രയോഗിക്കാനുള്ള ധൈര്യം ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. “ഇതൊരു രാജ്യത്തിന്റെ പ്രതിഷേധമാണ്. പോലീസിനെയോ ലാത്തികളെയോ ഭയക്കേണ്ടതില്ല. ഭരണഘടനയും രാജ്യവും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നടക്കാം,” അദ്ദേഹം പറഞ്ഞു. രാജ്യവും വ്യക്തിസ്വാതന്ത്ര്യവും ആശയങ്ങളും ആക്രമിക്കപ്പെടുന്നുവെന്ന് തോന്നുന്ന എല്ലാവരും, പ്രത്യേകിച്ച് രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർത്ഥി സംഘടനകളും ഈ മാർച്ചിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനിയിൽ ഇന്ത്യ സഖ്യത്തിന്റെ വൻ ശക്തിപ്രകടനത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ഇതിനുപുറമെ, വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന മോക്ക് പാർലമെന്റിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ പൊതു ഇംപീച്ച്മെന്റ് സംഘടിപ്പിക്കാനും പ്രതിപക്ഷം തയ്യാറെടുക്കുന്നുണ്ട്. വോട്ടർ പട്ടിക പുതുക്കിയപ്പോൾ പാവപ്പെട്ട തൊഴിലാളികൾ, വാടകക്കാർ, അനധികൃത സെറ്റിൽമെന്റുകളിലെ താമസക്കാർ എന്നിവരെ പ്രതികൂലമായി ബാധിച്ചുവെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു. അർഹരായ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നും, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ബാലറ്റ് പേപ്പറിലേക്കുള്ള തിരിച്ചുവരവും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോടും വിയോജിപ്പുള്ള എല്ലാവരും മാർച്ചിൽ പങ്കെടുക്കണമെന്നും രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ കുറിച്ചു.

Also read: