‘ശമ്പളത്തിന്റെ പകുതിയും ഇ.എം.ഐ, ഇന്ത്യയില്‍ നിന്ന് മാറിയാല്‍ തന്നെ ജീവിതം രക്ഷപ്പെടും’; വൈറലായി യുവാവിന്റെ പോസ്റ്റ്
ജീവിതനിലവാരത്തിൽ ഇന്ത്യയെ മറ്റ് വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്തുള്ള ഒരു ഇന്ത്യക്കാരന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയിൽ ജീവിക്കാൻ തന്നെ പാടുപെട്ടിരുന്ന പലരും വിദേശത്തെത്തിയാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നല്ലൊരു ജീവിതം കെട്ടിപ്പടുക്കുമെന്നും സ്വന്തമായി വീടുവരെ വാങ്ങുമെന്നും യുവാവ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളുമായാണ് യുവാവ് ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. നോർത്ത് അമേരിക്കയിലെ ഗ്രാമീണ മേഖലകളിൽ ചില ഇന്ത്യക്കാർക്ക് വളരെ എളുപ്പത്തിൽ വസ്തുവകകൾ വാങ്ങാൻ കഴിയുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രണവ് ഭരദ്വാജ് കുറിച്ചു. ഇന്ത്യയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പലരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയതോടെ പുതിയ ഫോണുകളും കാറുകളും വീടുമെല്ലാം വളരെ എളുപ്പത്തിൽ സ്വന്തമാക്കിയെന്ന് യുവാവ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ മോശം അടിസ്ഥാന സൗകര്യങ്ങളും മലിനമായ വായുവുമുള്ള തിരക്കേറിയ നഗരത്തിനടുത്ത് 1,100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഫ്ലാറ്റ് സ്വന്തമാക്കാൻ വേണ്ടി തന്നെ ആളുകൾ അവരുടെ ജീവിതകാലം മുഴുവൻ ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇ.എം.ഐ അടയ്ക്കാനായാണ് ചെലവാക്കുന്നത്. നമ്മൾ നടത്തുന്ന ഈ ഓട്ടപ്പാച്ചിൽ എത്രത്തോളം വിഡ്ഢിത്തവും അർത്ഥശൂന്യവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കുറിപ്പ് പങ്കുവെച്ചതിനു പിന്നാലെ നിരവധിയാളുകളാണ് അദ്ദേഹത്തെ പിന്തുണച്ച് കമന്റുകളിടുന്നത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് മാറിയത് എന്തുകൊണ്ടും നല്ല തീരുമാനമായിരുന്നുവെന്നും തങ്ങളുടെ സ്വത്ത് വർദ്ധിപ്പിക്കാൻ അത് കാരണമായെന്നും ആളുകൾ കുറിച്ചു. എന്നാൽ വിദേശത്ത് ഒരു വീട് എന്നത് അത്ര എളുപ്പമല്ല, അതിന് കുറച്ചു കഷ്ടപ്പെടണമെന്നും ആളുകൾ കമന്റായി യുവാവിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
എന്നാൽ യുവാവിന്റെ കുറിപ്പിനെ എതിർത്തും നിരവധി പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽ വീട് വാങ്ങുന്നവർ ഇ.എം.ഐ അടയ്ക്കുന്നില്ല എന്നാണോ നിങ്ങളുടെ ധാരണ എന്നും, ഇവിടെ ഫോണുകൾക്കും കാറുകൾക്കും വില കുറവാണെന്നത് സത്യമാണ്, അതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ദുബായിലേക്ക് പോയാൽ പോരെയെന്നുമാണ് അവരുടെ പക്ഷം. വിദേശത്തെ ജീവിതം അത്ര എളുപ്പമാണെങ്കിൽ എന്തുകൊണ്ട് എല്ലാ അമേരിക്കക്കാർക്കും കാറും വില്ലയുമില്ല എന്ന ചോദ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്.