ഏഷ്യ പവർ ഇൻഡക്സ്’ റിപ്പോർട്ട്: കരുത്തുറ്റ മൂന്നാമത്തെ രാജ്യമെന്ന പദവി നിലനിർത്തി ഇന്ത്യ; ഏറ്റവും മികച്ച രണ്ടാമത്തെ നേതാവ് മോദി
ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ രാജ്യമെന്ന പദവി ഇന്ത്യ നിലനിർത്തി. വിദഗ്ധരുടെ സംഘമുൾപ്പെടുന്ന, ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026-ലെ ‘ഏഷ്യ പവർ ഇൻഡക്സ്’ റിപ്പോർട്ടിലാണ് ഈ നേട്ടം. ഇന്തോ-പസഫിക് മേഖലയിലെ 27 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മേഖലയിലെ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന രണ്ടാമത്തെ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മാത്രമാണ് മോദിക്ക് മുന്നിലുള്ളത്. 131 സൂചകങ്ങളുടെയും എട്ട് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ. ഇന്തോ-പസഫിക് മേഖലയിൽ 78.9 പോയിന്റുമായി അമേരിക്ക ഒന്നാമതും 73.6 പോയിന്റുമായി ചൈന രണ്ടാമതുമാണ്. 40.5 പോയിന്റ് നേടിയാണ് ഏഷ്യയിലെ ‘പ്രധാന ശക്തി’ എന്ന നിലയിൽ ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
2018-ൽ സൂചിക ആരംഭിച്ചതിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ശക്തിയിലെ അന്തരം ഏറ്റവും കുറഞ്ഞ നിലയിലാണെന്നതും റിപ്പോർട്ടിന്റെ പ്രത്യേകതയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 5.3 ആയി കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്ക കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഏഷ്യയിലെ അവരുടെ സ്വാധീനം കുറയാൻ കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രൂപയുടെ മൂല്യത്തകർച്ച, അന്താരാഷ്ട്ര നാണയ നിധി സമ്പദ്വ്യവസ്ഥകളെ അളക്കുന്ന രീതിയിൽ വരുത്തിയ മാറ്റം, വിദേശ നിക്ഷേപത്തിലുണ്ടായ ഏകദേശം 20 ബില്യൺ ഡോളറിന്റെ കുറവ് എന്നിവ കാരണം ഇന്ത്യയുടെ സാമ്പത്തിക ശേഷി സൂചികയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും ഭാവിയിലേക്കുള്ള വിഭവശേഷി, പ്രതിരോധ ശൃംഖല, സാംസ്കാരിക സ്വാധീനം എന്നീ മേഖലകളിൽ ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണവും ബ്രഹ്മോസ് മിസൈൽ വിൽപനയും പ്രതിരോധ രംഗത്തെ കുതിപ്പിന് കരുത്തേകി. നയതന്ത്ര സ്വാധീനത്തിൽ 70.3 പോയിന്റുമായി ഇന്ത്യ സ്ഥിരത നിലനിർത്തി.