‘ക്യാപ്റ്റനായി’ പത്താം ഊഴം; നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി.
പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 122 സീറ്റും കടന്ന് 202 സീറ്റുകളുമായാണ് എന്‍ഡിഎ സഖ്യം വമ്പന്‍ വിജയം നേടിയത്. ഭരണവിരുദ്ധ വികാരമെന്ന വലിയ വെല്ലുവിളി മറികടന്ന്, സഖ്യത്തിലെ പ്രധാന കക്ഷികളായ ബിജെപി 89 സീറ്റും, ജെഡിയു 85 സീറ്റും നേടി അസാധാരണ വിജയമാണ് നേടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ എന്നിവരുള്‍പ്പെടെ എന്‍ഡിഎയിലെ നിരവധി പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലിയാണ് പാട്‌നയില്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്.