ഹിന്ദുക്കള്‍ ഇല്ലാതെ ലോകത്തിന് നിലനില്‍പ്പില്ല-മോഹന്‍ ഭാഗവത്
ഇംഫാല്‍: ഹിന്ദുക്കളില്ലെങ്കില്‍ ലോകം ഇല്ലാതാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സമൂഹം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാതരം സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. ഗ്രീക്ക്, ഈജിപ്ഷ്യന്‍, റോമാ തുടങ്ങിയ നാഗരികതകള്‍ ഭൂമുഖത്തുനിന്ന് നശിച്ചു. എന്നാല്‍, നമ്മുടെ നാഗരികതയില്‍ നമ്മള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഹിന്ദു സമൂഹത്തെ ധര്‍മ്മത്തിന്റെ ആഗോള സംരക്ഷകനായി രൂപപ്പെടുത്തിയിരിക്കുകയാണ്. ഭാരതം എന്നത് അനശ്വര നാഗരികതയുടെ പേരാണ് അതുകൊണ്ടാണ് ഹിന്ദു സമൂഹം എപ്പോഴും ഇവിടെ നിലനില്‍ക്കുന്നതെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ ഞങ്ങള്‍ നിര്‍മിച്ച ശൃംഖയിലൂടെ ഹിന്ദു സമൂഹം എപ്പോഴും ഉണ്ടായിരിക്കും. രാഷ്ട്രം കെട്ടിപ്പടുക്കുമ്പോള്‍ ആദ്യം വേണ്ടത് ശക്തിയാണ്. സമ്പദ്‌വ്യവസ്ഥ പൂര്‍ണ്ണമായും സ്വാശ്രയമായിരിക്കണം. ആരെയും ആശ്രയിക്കരുത് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ സൂര്യന്‍ ഒരിക്കലും അസ്തമിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ അവരുടെ സൂര്യന്‍ അസ്തമിച്ചു. 90 വര്‍ഷമായി തുടരുന്ന ഞങ്ങളുടെ പരിശ്രമഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
വംശീയ സംഘര്‍ഷങ്ങള്‍ കാരണം തകര്‍ന്ന മണിപ്പൂരില്‍ ആദ്യമായി സന്ദര്‍ശനം നടത്തുകയാണ് മോഹന്‍ ഭാഗവത്.