01/04/2026
[fontresizer_tawhidurrahmandear_widget]

‘അഫ്ഗാനിസ്ഥാന്‍ ഭൂമിയിലെ നരകക്കുഴി’; ഡിസി നാഷണൽ ഗാർഡിന് നേരെ വെടിവപ്പിനു പിന്നാലെ അഫ്ഗാൻ കുടിയേറ്റ നടപടികൾ നിർത്തിവെച്ച് യു.എസ്

 ‘അഫ്ഗാനിസ്ഥാന്‍ ഭൂമിയിലെ നരകക്കുഴി’; ഡിസി നാഷണൽ ഗാർഡിന് നേരെ വെടിവപ്പിനു പിന്നാലെ അഫ്ഗാൻ കുടിയേറ്റ നടപടികൾ നിർത്തിവെച്ച് യു.എസ്

വാഷിങ്ടൺ: അഫ്ഗാൻ പൗരന്മാരുടെ എല്ലാ എമിഗ്രേഷൻ പ്രക്രിയകളും ഉടനടി അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ട് യുഎസ് ഭരണകൂടം. വൈറ്റ് ഹൗസിന് സമീപം അഫ്ഗാൻ പൗരൻ നടത്തിയ വെടിവയ്പിൽ രണ്ട് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിനു പിന്നാലെയാണു നടപടി. നിലവിലുള്ള സുരക്ഷാ, പരിശോധനാ നടപടികൾ സമഗ്രമായി അവലോകനം ചെയ്യേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

താലിബാനിൽ നിന്ന് ഒളിച്ചോടിയ അഫ്ഗാൻ പൗരനെയാണ് രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ യു.എസ് സംശയിക്കുന്നത്. വിലയിരുത്തൽ പൂർത്തിയാകുന്നതുവരെ വിസ അപേക്ഷകൾ, അഭയ ക്ലെയിമുകൾ ഉൾപ്പെടെ അഫ്ഗാനികൾക്കുള്ള എല്ലാ എമിഗ്രേഷൻ നടപടികളും താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

സംഭവത്തെ ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രതി കനത്ത വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. “ലഭ്യമായ ഏറ്റവും മികച്ച വിവരങ്ങൾ അനുസരിച്ച്, കസ്റ്റഡിയിലുള്ള പ്രതി ഭൂമിയിലെ നരകക്കുഴിയായ അഫ്ഗാനിസ്ഥാനില്‍നിന്നുള്ളയാളാണ്. അവിടെ നിന്ന് നമ്മുടെ രാജ്യത്തേക്ക് കടന്ന വിദേശിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് ഉറപ്പുണ്ട്,” ട്രംപ് പറഞ്ഞു.

“ഇതൊരു ഒറ്റപ്പെട്ട കുറ്റകൃത്യമല്ല. നമ്മുടെ മുഴുവൻ രാജ്യത്തിനെതിരെയും നടന്ന കുറ്റകൃത്യമാണ്. ജോ ബൈഡന്റെ ഭരണകാലത്ത് നമ്മുടെ രാജ്യത്ത് പ്രവേശിച്ച ഓരോ അന്യഗ്രഹജീവിയെയും നാം ഇപ്പോൾ പുനഃപരിശോധിക്കണം. അവർക്ക് നമ്മുടെ രാജ്യത്തെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് അവരെ വേണ്ട.”-ട്രംപ് വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് വാഷിങ്ൺ, ലോസ് ഏഞ്ചൽസ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ സൈനികരെ വിന്യസിച്ചുള്ള സുരക്ഷാ പരിശോധനകൾക്ക് വീണ്ടും തുടക്കമായി. രാജ്യത്തിന്റെ സംരക്ഷണവും പൊതുജനങ്ങളുടെ സുരക്ഷയും സർക്കാരിന്റെ പ്രധാന ദൗത്യമായി തുടരുമെന്നും അധികൃതർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Also read: