രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. നെടുമങ്ങാട് വലിയമല സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ പരാതിയിലാണ് നടപടി.
പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. ഇന്നലെ നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് യുവതി പീഡന വിവരം വിശദീകരിച്ചത്. മൂന്നുപേജുള്ള പരാതി എഴുതി നല്‍കി. വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും കൈമാറിയിട്ടുണ്ട്. എഡിജിപി എച്ച്. വെങ്കടേഷിന് മുഖ്യമന്ത്രി പരാതി കൈമാറിയതിനുപിന്നാലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ നിശ്ചയിച്ചിരുന്നു.
ഓഗസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയര്‍ന്നുവെങ്കിലും പരാതിക്കാരി നേരിട്ടെത്തിയിരുന്നില്ല. എന്നാല്‍, മൂന്നാംകക്ഷികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതികള്‍ പരിഗണിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
അതേസമയം, പരാതി ലഭിച്ചതോടെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടി രാഹുല്‍ മാറിനില്‍ക്കുകയാണ്. ഫോണും സ്വച്ച് ഓഫാണ്. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാഹുല്‍ തുടര്‍നടപടികളുടെ കാര്യത്തില്‍ നിയമസഹായം തേടി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെയാണ് സമീപിച്ചിരിക്കുന്നത്. എന്നാല്‍, സെഷന്‍സ് കോടതിയെ സമീപിച്ചിട്ടേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കാവൂവെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. അതേസമയം, നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അപാകമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പോലീസ് സ്‌റ്റേഷനാകുന്നതെന്നും അഡ്വ. ജോര്‍ജ് പൂന്തോട്ടം പ്രതികരിച്ചു.