രാമക്ഷേത്രത്തിന്‍റെ 15 കി.മീറ്റര്‍ പരിസരത്ത് നോണ്‍ വെജിന് വിലക്ക്; ഓൺലൈൻ വഴിയും വില്‍പന പാടില്ല
അയോധ്യ: രാമക്ഷേത്രത്തിന്‍റെ പരിസരത്ത് മദ്യത്തിനും മാംസാഹാരത്തിനും വിലക്കേര്‍പ്പെടുത്തി യു.പി ഭരണകൂടം. ക്ഷേത്രത്തിന്‍റെ 15 കിലോമീറ്റർ ചുറ്റളവിലാണ് ഇവയുടെ വില്‍പന കർശനമായി നിരോധിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. നഗരത്തിന്റെ പരിസരപ്രദേശങ്ങളിൽ സസ്യേതര ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
നേരത്തെ തന്നെ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഹോംസ്‌റ്റേകൾ കേന്ദ്രീകരിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും മാംസാഹാര വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിംഗ് അറിയിച്ചു. ഓൺലൈൻ വഴി നോൺവെജ് ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഇനി മുതൽ അനുമതിയുണ്ടാകില്ല. ഇക്കാര്യം വ്യക്തമാക്കി എല്ലാ ഹോട്ടലുകൾക്കും ഹോംസ്‌റ്റേകൾക്കും ഡെലിവറി ഏജൻസികൾക്കും ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മേയ് മാസത്തിൽ രാം പാതയുടെ 14 കിലോമീറ്റർ ചുറ്റളവിൽ സമാനമായ നിരോധനം മുനിസിപ്പൽ കോർപ്പറേഷൻ പാസാക്കിയിരുന്നു. എന്നാൽ ലൈസൻസുള്ള ചില മദ്യശാലകൾ ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ ഉത്തരവ് വരുന്നത്. ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരുംദിവസങ്ങളിൽ കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. 2024 ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് മുതൽ അയോധ്യയിലെ തീർത്ഥാടന മേഖലകളിൽ ഇത്തരം നിയന്ത്രണങ്ങൾ സർക്കാർ ആലോചിച്ചുവരികയായിരുന്നു.