12/06/2026
[fontresizer_tawhidurrahmandear_widget]

’സ്ഥാനാർഥിയാക്കാൻ നോവലിസ്റ്റ് ലിസിയിൽ നിന്ന് സിപിഎം നേതാക്കൾ ലക്ഷങ്ങൾ വാങ്ങി’; പരാതിയില്‍ അന്വേഷണം

 ’സ്ഥാനാർഥിയാക്കാൻ നോവലിസ്റ്റ് ലിസിയിൽ നിന്ന് സിപിഎം നേതാക്കൾ ലക്ഷങ്ങൾ വാങ്ങി’; പരാതിയില്‍ അന്വേഷണം

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. തൃശ്ശൂർ കോർപ്പറേഷനിലെ ലാലൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നോവലിസ്റ്റ് ലിസിയിൽ നിന്ന് ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. ഒളരി ലോക്കൽ സെക്രട്ടറി കെ.എം സോണി, മുൻ സെക്രട്ടറി എം.കെ ബൈജു എന്നിവർക്കെതിരെയാണ് പാർട്ടി നടപടി.

സിപിഎം ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ അഴിമതി ആരോപണം ഉയർന്നത്. സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങുന്ന രീതി പാർട്ടിക്കില്ലെന്നിരിക്കെ, നയം ലംഘിച്ച് പണം വാങ്ങിയതിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി സുധാകരൻ, ടി.ആർ ഹിരൺ എന്നിവരെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ട ലിസി, കോർപ്പറേഷനിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. കോൺഗ്രസ് സ്ഥാനാർത്ഥി ലാലി ജയിംസ് റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. അതേസമയം, താൻ പണം നൽകിയിട്ടില്ലെന്നും സർവീസിൽ നിന്ന് വിരമിച്ചതിനാൽ പണം നൽകാൻ കഴിയില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നതായും ലിസി പ്രതികരിച്ചു. ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ പങ്കെടുത്ത യോഗത്തിലാണ് അന്വേഷണ സമിതിയെ നിയോഗിക്കാൻ തീരുമാനമായത്.

Also read: