യു.പിയില്‍ മുസ്‌ലിം വീടുകളില്‍ വ്യാപകമായി ഹിന്ദു വോട്ടര്‍മാരും അപരിചിതരും; എസ്‌ഐആറില്‍ വന്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം
ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വന്‍ ക്രമക്കേട്. പഹാസു നഗര്‍ പഞ്ചായത്ത് പരിധിയില്‍ പുറത്തുവിട്ട കരട് വോട്ടര്‍ പട്ടികയില്‍, മുസ്‌ലിം കുടുംബങ്ങളുടെ വിലാസത്തില്‍ ഡസന്‍ കണക്കിന് ഹിന്ദു വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും വോട്ട് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി.
സമാജ്വാദി പാര്‍ട്ടി നേതാവും പഹാസു നഗര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സഗീര്‍ അഹമ്മദ് ആണ് 307, 311 പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. 200 മീറ്റര്‍ ചുറ്റളവില്‍ പോലും ഹൈന്ദവ കുടുംബങ്ങള്‍ ഇല്ലാത്ത തന്റെ അയല്‍പക്കത്തെ മുസ്‌ലിം വീടുകളുടെ വിലാസത്തില്‍, വാല്‍മീകി സമുദായത്തില്‍പ്പെട്ട 56 വോട്ടര്‍മാരെയാണ് അനധികൃതമായി ചേര്‍ത്തിരിക്കുന്നതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ആരോപിച്ചു.
മാളവ്യ നഗര്‍ ചപേട്ടിയിലെ 12-ാം നമ്പര്‍ വീട്ടുനമ്പറുള്ള സാബിര്‍ മാലിക്ക് എന്നയാളുടെ വിലാസത്തില്‍ 14 അപരിചിതരുടെ പേരുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇതില്‍ അലിഗഢില്‍നിന്നുള്ള ഇമ്രാന്‍ എന്നയാളും ഉള്‍പ്പെടുന്നു. ഇദ്രിസ് എന്നയാളുടെ 15-ാം നമ്പര്‍ വീട്ടില്‍, മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 10 ഹിന്ദു വോട്ടര്‍മാരെയും, മഹ്മൂദ് എന്നയാളുടെ വിലാസത്തില്‍ 12 അധിക വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ സ്വന്തം വീട്ടുനമ്പറായ 125ല്‍ പോലും ഹിന്ദു സമുദായത്തില്‍പ്പെട്ട അഞ്ചാറു പേരുടെ വോട്ടുകള്‍ വന്നിട്ടുണ്ടെന്ന് സഗീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.
എന്നാല്‍, ഇത് സാങ്കേതികമായ പിഴവ് മാത്രമാണെന്നാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വാദം. പിഴവുകള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും, വിഷയം പരസ്യമാക്കാതെ സ്വകാര്യമായി അറിയിച്ചിരുന്നെങ്കില്‍ തിരുത്താമായിരുന്നുവെന്നും ബിഎല്‍ഒ ഗജേന്ദ്ര സിങ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഫോം-8 ഉപയോഗിച്ച് തിരുത്തലുകള്‍ വരുത്താവുന്ന സാധാരണ പിഴവുകള്‍ മാത്രമാണിതെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അരുണ്‍ വര്‍മ വ്യക്തമാക്കി. സര്‍വേ ഫോമുകളില്‍ വീട്ടുനമ്പര്‍ രേഖപ്പെടുത്താനുള്ള കോളം ഇല്ലാത്തതും നേരത്തെ അച്ചടിച്ച വിവരങ്ങളെ ആശ്രയിച്ചതുമാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്ഐആര്‍’ നടപടി വോട്ട് കൊള്ളയെ നിയമവിധേയമാക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തര്‍പ്രദേശില്‍നിന്ന് മാത്രം ഏകദേശം മൂന്നു കോടി വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്ത പശ്ചാത്തലത്തില്‍ ഇത്തരം ക്രമക്കേടുകള്‍ സംശയാസ്പദമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ബിഹാറിലും സമാനമായ രീതിയില്‍ ഹിന്ദു വീടുകളില്‍ മുസ്‌ലിം പേരുകള്‍ വന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കള്ളവോട്ടിന് ഇത്തരം പിഴവുകള്‍ കാരണമാകുമെന്ന ആശങ്ക ശക്തമാണ്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.