‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്; ഇത് വെറും തെരഞ്ഞെടുപ്പ് ഗീർവാണം’: വി.ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് വെറും പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഇതിലുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യ അവകാശവാദങ്ങൾ ഉന്നയിച്ച് ബജറ്റിന്റെ പവിത്രത സർക്കാർ നശിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.
വിശ്വാസ്യത തീരെയില്ലാത്ത ബജറ്റാണിത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടന്ന വർഷമാണിത്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഗീർവാണ പ്രസംഗങ്ങൾ നടത്തുന്നത്. കഴിഞ്ഞ 10 വർഷമായി നടപ്പാക്കാത്ത കാര്യങ്ങൾ ഇപ്പോൾ ചെയ്യുമെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്. കേരളത്തിന്റെ സാമ്പത്തികരംഗം ഇത്രയും പരിതാപകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ‘ന്യൂ നോർമൽ’ പോലുള്ള പ്രയോഗങ്ങൾ നടത്തി പരിഹാസ്യരാകുകയാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ഈ ബജറ്റെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സെൻസിറ്റീവ് ആയ വിഷയങ്ങളിൽ പോലും അനുവദിച്ച തുകയുടെ പകുതി പോലും സർക്കാർ ചെലവാക്കിയിട്ടില്ല. അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും നൽകാത്തവർ ഇപ്പോൾ കൂട്ടി നൽകുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ഈ ബജറ്റിന് യാതൊരു പ്രസക്തിയുമില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രിക മാത്രമാണിതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.