യു.എസ് പടക്കപ്പലുകളെ നേരിടാൻ ‘ഷഹീദ് ബാഗേരി’; അമേരിക്കൻ നീക്കങ്ങൾ ഒപ്പിയെടുത്ത് ഇറാന്റെ പുതിയ ഡ്രോൺ വാഹിനി
തെഹ്‌റാൻ: പേർഷ്യൻ ഗൾഫിൽ അമേരിക്കൻ നാവികസേന പടയൊരുക്കം നടത്തുന്നതിനിടെ കനത്ത പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇറാൻ. യുഎസ് പടക്കപ്പലുകളെ നേരിടാൻ തദ്ദേശീയമായി നിർമിച്ച ‘ഷഹീദ് ബാഗേരി’ എന്ന ഡ്രോൺ വാഹിനി കപ്പലിനെ ഇറാൻ ഹോർമുസ് കടലിടുക്കിന് സമീപം വിന്യസിച്ചതായി റിപ്പോർട്ടുകൾ. ഇതിനുപുറമെ, ഒമാൻ ഉൾക്കടലിൽ അമേരിക്കൻ നീക്കങ്ങൾ നിരീക്ഷിക്കാൻ ‘ഷാഹെദ്-129’ ഡ്രോണുകളെയും ഇറാൻ നിയോഗിച്ചിട്ടുണ്ട്.
അമേരിക്കയുടെ ഭീഷണികൾക്ക് മറുപടിയായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് ഡ്രോൺ വാഹിനി വിന്യസിച്ചത്. 2025-ൽ കമ്മീഷൻ ചെയ്ത ഈ കപ്പൽ യഥാർത്ഥത്തിൽ ഒരു കണ്ടെയ്‌നർ കപ്പലായിരുന്നു. 240 മീറ്ററിലധികം നീളമുള്ള ഈ കപ്പലിൽ ഡ്രോണുകൾക്ക് പറന്നുയരാൻ 180 മീറ്റർ നീളമുള്ള റൺവേയും വിമാനവാഹിനി കപ്പലുകൾക്ക് സമാനമായ ജമ്പ് പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്.
ഏകദേശം 60 ഡ്രോണുകളെയും 30 മിസൈൽ ബോട്ടുകളെയും ഒരേസമയം വഹിക്കാൻ ശേഷിയുള്ളതാണ് ഷഹീദ് ബാഗേരി. കപ്പലിന് പ്രതിരോധത്തിനായി കോസർ-222 മിസൈലുകളും കപ്പൽ വിരുദ്ധ മിസൈലുകളും അത്യാധുനിക പീരങ്കികളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളും ദീർഘദൂര മിസൈലുകളും ഈ കപ്പലിന്റെ പ്രത്യേകതയാണ്.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ‘മനോഹരമായ ഒരു നാവികവ്യൂഹം'(Armada) ഇറാന് നേരെ നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമാൻ ഉൾക്കടലിൽ സഞ്ചരിക്കുന്ന അമേരിക്കൻ കപ്പലുകളെ നിരീക്ഷിക്കാൻ ഇറാൻ ഡ്രോണുകളെ അയച്ചത്. ദിവസങ്ങളോളം തുടർച്ചയായി അമേരിക്കൻ നീക്കങ്ങൾ നിരീക്ഷിച്ച ഈ ഡ്രോണുകൾ വഴി യുഎസ് നാവികസേനയുടെ ഓരോ ചലനവും ഇറാൻ ഒപ്പിയെടുക്കുന്നുണ്ടെന്ന് ഡിഫൻസ് മോണിറ്റർ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.