സേവനങ്ങളിൽ വീഴ്ച: സൗദിയിൽ 1,800 വിദേശ ഉംറ ഏജൻസികൾക്ക് വിലക്ക്
ജിദ്ദ: ഉംറ മേഖലയിൽ സേവന നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,800 വിദേശ ട്രാവൽ ഏജൻസികളുടെ കരാറുകൾ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചു. ഏകദേശം 5,800 വിദേശ ഏജൻസികളിൽ നടത്തിയ ആനുകാലിക വിലയിരുത്തലിൽ പ്രകടന മികവ് പുലർത്താത്തവർക്കെതിരെയാണ് മന്ത്രാലയത്തിന്റെ കർശന നടപടി. വീഴ്ചകൾ പരിഹരിക്കുന്നതിനായി ഏജൻസികൾക്ക് 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സേവന നിലവാരത്തിലെ കുറവും മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പോരായ്മകളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. കരാർ നിർത്തിവച്ച ഏജൻസികൾക്ക് പുതിയ വിസകൾ അനുവദിക്കില്ല. എന്നാൽ 10 ദിവസത്തെ ഗ്രേസ് പിരീഡിനുള്ളിൽ പോരായ്മകൾ പരിഹരിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന ഏജൻസികളുടെ കരാറുകൾ മന്ത്രാലയം പുനഃസ്ഥാപിക്കും. ഈ സമയപരിധിക്കുള്ളിൽ നില മെച്ചപ്പെടുത്താത്തവർക്കെതിരെ തുടർ നിയമനടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയ വക്താവ് ഗസ്സാൻ അൽൻവൈമി മുന്നറിയിപ്പ് നൽകി.
നിലവിൽ വിസയുള്ളവരെയോ ബുക്കിങ് പൂർത്തിയാക്കിയ തീർത്ഥാടകരെയോ തീരുമാനം ബാധിക്കില്ല. അവർക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം സേവനങ്ങൾ ലഭ്യമാക്കുമെന്നും തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും മന്ത്രാലയം അറിയിച്ചു. ഉംറ മേഖലയുടെ വിശ്വാസ്യത ഉറപ്പാക്കാനും സേവന ദാതാക്കൾക്കിടയിൽ കൃത്യമായ മാനദണ്ഡങ്ങൾ നടപ്പിലാക്കാനുമാണ് നിയന്ത്രണ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.