ഇന്ത്യൻ നിയമങ്ങൾ പാലിക്കാനാവില്ലെങ്കിൽ രാജ്യം വിടുക; വാട്‌ആസാപ്പിനോട് സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകാമെന്ന് വാട്‌ആസാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വാട്‌ആസാപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (CCI) ചുമത്തിയ 213.14 കോടി രൂപ പിഴ ചോദ്യം ചെയ്ത് മെറ്റ നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യപരസ്യ ആവശ്യങ്ങൾക്കായി മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കിടുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. ‘നിങ്ങൾക്ക് സ്വകാര്യതയുമായി കളിക്കാൻ കഴിയില്ല, ഡാറ്റയുടെ ഒരു അക്കം പോലും പങ്കിടാൻ ഞങ്ങൾ സമ്മതിക്കില്ല,’ എന്ന് ബെഞ്ച് വ്യക്തമാക്കി.
രാജ്യത്തെ സാധാരണക്കാരെയും വിദ്യാഭ്യാസമില്ലാത്തവരെയും ചൂഷണം ചെയ്യുന്ന രീതിയാണ് കമ്പനിയുടേതെന്ന് കോടതി നിരീക്ഷിച്ചു. ബിഹാറിലെ ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്കോ തമിഴ് മാത്രം സംസാരിക്കുന്നവർക്കോ കമ്പനിയുടെ സങ്കീർണ്ണമായ സ്വകാര്യതാ നയങ്ങൾ മനസ്സിലാകില്ല. വ്യക്തിഗത സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതാണെന്ന കമ്പനിയുടെ വാദം കോടതി തള്ളി. ഡോക്ടർക്ക് അയക്കുന്ന സന്ദേശങ്ങൾക്ക് പിന്നാലെ മരുന്നുകളുടെ പരസ്യം വരുന്നത് വിവരങ്ങൾ ചോർത്തുന്നതിന് തെളിവാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ പുതിയ നയം അംഗീകരിക്കാൻ വാട്‌ആസാപ്പ് നിർബന്ധിക്കുകയാണെന്ന് സിസിഐ നേരത്തെ കണ്ടെത്തിയിരുന്നു. ഡാറ്റ പങ്കിടൽ അഞ്ച് വർഷത്തേക്ക് തടഞ്ഞ സിസിഐ ഉത്തരവ് നേരത്തെ ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നുവെങ്കിലും പിഴ ശരിവെച്ചിരുന്നു. കേസിൽ ഈ മാസം 10ന് സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.