02/03/2026
[fontresizer_tawhidurrahmandear_widget]

‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച

 ‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച

അലി ലാരിജാനിയെ പുടിന്‍ സ്വീകരിക്കുന്നു, ആയത്തുല്ല അലി ഖാംനഇ

മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ കാണാൻ ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക ദൂതൻ. ആയത്തുല്ല അലി ഖാംനഇയുടെ പ്രത്യേക മുതിർന്ന ഉപദേഷ്ടാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയാണ് ക്രെംലിനിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ച നടന്നതായാണു പുറത്തുവരുന്ന വിവരം.

ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക സന്ദേശം ലാരിജാനി റഷ്യൻ പ്രസിഡന്റിന് കൈമാറിയതായി ‘തെഹ്റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന്റെ പൂർണരൂപം പുറത്തുവിട്ടിട്ടില്ലെങ്കിലും, മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുമുള്ള നിർണായക വിവരങ്ങളാണ് ഇതിലുള്ളതെന്ന് സൂചനയുണ്ട്. ഇസ്രയേലി മാധ്യമമായ ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഇരുവരും തമ്മിൽ നടന്നിട്ടുണ്ട്.

അമേരിക്കയുമായും ഇസ്രയേലുമായും സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, ആണവ സാങ്കേതികവിദ്യയിലോ പ്രതിരോധത്തിലോ റഷ്യൻ സഹായം ഇറാൻ തേടുന്നുണ്ടാകാമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സിറിയയിലെ സാഹചര്യങ്ങളും റഷ്യ-ഇറാൻ തന്ത്രപരമായ സഹകരണവും ചർച്ചയിൽ പ്രധാന വിഷയമായതായി വിവരമുണ്ട്.

പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സൈനിക സഹകരണം വർധിപ്പിക്കാനും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുവുമായും ലാരിജാനി ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളിൽ റഷ്യ എന്ത് നിലപാട് സ്വീകരിക്കും എന്നത് വരും ദിവസങ്ങളിൽ നിർണായകമാകും.

Also read: