02/03/2026
[fontresizer_tawhidurrahmandear_widget]

‘ഷാഹിദ്-129’ ഡ്രോൺ വെടിവെച്ചിട്ടെന്ന അമേരിക്കൻ വാദം തള്ളി ഇറാൻ; നിർണായക ദൃശ്യങ്ങള്‍ കമാൻഡ് സെന്ററില്‍ ലഭിച്ചെന്ന് വിശദീകരണം

 ‘ഷാഹിദ്-129’ ഡ്രോൺ വെടിവെച്ചിട്ടെന്ന അമേരിക്കൻ വാദം തള്ളി ഇറാൻ; നിർണായക ദൃശ്യങ്ങള്‍ കമാൻഡ് സെന്ററില്‍ ലഭിച്ചെന്ന് വിശദീകരണം

തെഹ്റാൻ: ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) അത്യാധുനിക നിരീക്ഷണ ഡ്രോണായ ‘ഷാഹിദ്-129’ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടെന്ന വാർത്തകൾ തള്ളി ഇറാൻ. ഡ്രോൺ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും, നിർണായക വിവരങ്ങളും ദൃശ്യങ്ങളും കമാൻഡ് സെന്ററിൽ ലഭിച്ചെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി ‘തസ്‌നീം ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയിൽ യുദ്ധഭീതി നിലനിൽക്കെ, തങ്ങളുടെ സൈനിക കരുത്തിനെ ഇകഴ്ത്തിക്കാണിക്കാനും ആഗോളതലത്തിൽ തെറ്റിദ്ധാരണ പരത്താനും അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ വ്യാജവാർത്തയെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഡ്രോൺ നൽകപ്പെട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി തസ്‌നിം ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തകരാർ സംഭവിക്കുന്നതിന് മുൻപ് തന്നെ, ഡ്രോൺ പകർത്തിയ നിർണായകമായ നിരീക്ഷണ ദൃശ്യങ്ങളും ചിത്രങ്ങളും വിവരങ്ങളും കമാൻഡ് സെന്ററിലേക്ക് വിജയകരമായി കൈമാറിയിരുന്നു. അതിർത്തി മേഖലകളിലും സമുദ്രത്തിലും നിരീക്ഷണം നടത്താനായി അയച്ച ഡ്രോൺ, ശത്രുസൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നിട്ടില്ലെന്നും ദൗത്യത്തിലുടനീളം അത് സുരക്ഷിതമായിരുന്നുവെന്നുമാണ് ഇറാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ദൗത്യം പൂർത്തിയാക്കിയ ശേഷം ഡ്രോണുമായുള്ള ആശയവിനിമയ ബന്ധത്തിൽ ചില സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഇതിനെ വെടിവെച്ചിടൽ ആയി വ്യാഖ്യാനിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ആശയവിനിമയം നഷ്ടപ്പെട്ടത് സാങ്കേതികമായ തകരാറുകൾ മൂലമാണോ അതോ ഇലക്ട്രോണിക് ജാമിങ് പോലുള്ള മറ്റ് കാരണങ്ങൾ കൊണ്ടാണോ എന്നത് സംബന്ധിച്ച് സാങ്കേതിക വിദഗ്ധർ പരിശോധന നടത്തിവരികയാണ്. ഈ സാങ്കേതിക പ്രശ്‌നത്തെ പർവതീകരിച്ച്, തങ്ങൾ ഡ്രോൺ വെടിവെച്ചിട്ടു എന്ന് അമേരിക്ക അവകാശപ്പെടുന്നത് പരിഹാസ്യമാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ അമേരിക്കയുടെ ഈ നടപടിയെ മനഃശാസ്ത്രപരമായ യുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ ഗൾഫ് മേഖലയിൽ വൻതോതിൽ സൈനിക വിന്യാസം നടത്തുന്ന അമേരിക്ക, ഇറാനെതിരെ മാനസികമായ മേൽക്കൈ നേടാൻ ശ്രമിക്കുകയാണ്. ഇറാനിയൻ ഡ്രോണുകൾ അമേരിക്കൻ കപ്പലുകൾക്കും താവളങ്ങൾക്കും മുകളിലൂടെ പറന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നത് പെന്റഗണിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇറാൻ നടത്തുന്ന നീക്കങ്ങൾക്കുള്ള മറുപടിയായി, ഇല്ലാത്ത നേട്ടങ്ങൾ അവകാശപ്പെട്ട് സ്വന്തം സൈനികരുടെ മനോവീര്യം കൂട്ടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഷാഹിദ്-129 ഇറാന്റെ ഡ്രോൺ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ്. 24 മണിക്കൂറോളം തുടർച്ചയായി പറക്കാനും, കൃത്യമായ നിരീക്ഷണത്തിനും ഒപ്പം ബോംബുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താനും ഇതിന് ശേഷിയുണ്ട്. അതുകൊണ്ടുതന്നെ, ഈ ഡ്രോണിനെ ചുറ്റിപ്പറ്റിയുള്ള അമേരിക്കയുടെ അവകാശവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് ഇറാൻ കാണുന്നത്. സത്യം മറച്ചുവെച്ച്, മാധ്യമങ്ങളിലൂടെ യുദ്ധം ജയിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും ഇറാൻ ആരോപിക്കുന്നു.

Also read: