02/03/2026
[fontresizer_tawhidurrahmandear_widget]

50 പവൻ സ്വർണവുമായി അപ്രത്യക്ഷനായ മോഹനന്റെ സ്‌കൂട്ടർ കുഴിച്ചിട്ട നിലയിൽ; കോവിഡ് ലോക്ക്ഡൗൺ കാലത്തെ തിരോധാനക്കേസിൽ വമ്പൻ ട്വിസ്റ്റ്

 50 പവൻ സ്വർണവുമായി അപ്രത്യക്ഷനായ മോഹനന്റെ സ്‌കൂട്ടർ കുഴിച്ചിട്ട നിലയിൽ; കോവിഡ് ലോക്ക്ഡൗൺ കാലത്തെ തിരോധാനക്കേസിൽ വമ്പൻ ട്വിസ്റ്റ്

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ആര്യനാട് മോഹനൻ തിരോധാനക്കേസിൽ ആറ് വർഷത്തിന് ശേഷം നിർണ്ണായക വഴിത്തിരിവ്. മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്തെ തോട്ടിൽ നിന്ന് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്‌കൂട്ടർ കണ്ടെത്തി. നമ്പർ പ്ലേറ്റില്ലാത്ത നിലയിൽ കണ്ടെത്തിയ വാഹനം ശാസ്ത്രീയ പരിശോധനകൾക്കായി ക്രൈംബ്രാഞ്ച് മാറ്റി. ഇതോടെ മോഹനനെ അപായപ്പെടുത്തിയതാകാം എന്ന സംശയത്തിൽ പ്രദേശം കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

2020 മെയ് 8ന് കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനായ മോഹനനെ (56) കാണാതാകുന്നത്. പേരൂർക്കട സഹകരണ ബാങ്കിൽ നിന്നും പണയം വെച്ച 50 പവൻ സ്വർണവും 64,000 രൂപയുമായി സ്‌കൂട്ടറിൽ മടങ്ങുകയായിരുന്നു അദ്ദേഹം. കരകുളം ജങ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് മോഹനനെ അവസാനമായി കണ്ടത്. അവിടെവെച്ച് മൊബൈൽ ഫോൺ സ്വിച്ച് ഓഫാവുകയും തുടർന്ന് യാതൊരു വിവരവും ലഭിക്കാതാവുകയുമായിരുന്നു.

നിലവിൽ കണ്ടെത്തിയ സ്‌കൂട്ടർ മോഹനൻ ഉപയോഗിച്ചിരുന്ന ഹോണ്ട ആക്ടിവയല്ല പകരം ഹോണ്ട ഡിയോ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം തോട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് നടന്നേക്കാവുന്ന ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. മോഹനന്റെ ബാങ്ക് അക്കൗണ്ടിലെ ലക്ഷക്കണക്കിന് രൂപ ആറ് വർഷമായിട്ടും പിൻവലിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അദ്ദേഹം കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. സ്‌കൂട്ടർ കണ്ടെത്തിയ പരിസരത്ത് മണ്ണ് മാറ്റി പരിശോധന നടത്തുന്നതോടെ കേസിലെ ദുരൂഹതകൾ നീങ്ങുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.

Also read: