ഹിമന്തയുടെ മുസ്‌ലിം വിദ്വേഷത്തിനെതിരെ അസമിലെ പ്രമുഖ സാഹിത്യകാരൻ സുപ്രീം കോടതിയിൽ; ഹരജി നൽകി ഹീരൻ ഗോഹൈൻ
ഹീരന്‍ ഗോഹൈന്‍, ഹിമന്ത ബിശ്വ ശര്‍മ
ഗുവാഹത്തി/ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളുടെയും വിവാദമായ വെടിവെപ്പ് വീഡിയോയുടെയും പശ്ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജികളുടെ പ്രവാഹം. അസമിലെ പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ ഡോ. ഹീരൻ ഗോഹൈൻ ആണ് ഏറ്റവുമൊടുവിൽ ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹിമന്തയുടെ പ്രസ്താവനകൾ വിദ്വേഷ പ്രസംഗങ്ങളാണെന്നും ഇത് സാധാരണക്കാരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഹരജിയിൽ ഡോ. ഹീരൻ ഗോഹൈൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ച് നടത്തുന്ന പരാമർശങ്ങൾ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ഹരജിയിൽ പറയുന്നു.
മുൻ ഡിജിപി ഹരേകൃഷ്ണ ദേക ഉൾപ്പെടെയുള്ളവരും ഹരജിയിൽ കക്ഷികളാണ്. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം ഇത്തരം വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, തെരഞ്ഞെടുപ്പ് പോരാട്ടം കോടതിയിലാക്കുന്നുവെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. അസം ബിജെപി ഔദ്യോഗികമായി പങ്കുവെച്ച വിവാദമായ തോക്ക് വീഡിയോയ്ക്കെതിരെ സിപിഐ(എം) നൽകിയ ഹരജി പരിഗണിക്കവെയാണു കോടതി നിരീക്ഷണം. ‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, അതിന്റെ ഒരു ഭാഗം സുപ്രീം കോടതിയിൽ വെച്ചാണ് പോരാടുന്നത് എന്നതാണ് പ്രശ്‌നം,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
രാഷ്ട്രീയ പോരാട്ടങ്ങൾ തീർപ്പാക്കാനുള്ള വേദിയായി കോടതിയെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും, ഹരജി അടിയന്തരമായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.