04/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കൻ പടക്കപ്പലുകൾ തകർക്കാൻ ശേഷിയുള്ള യുദ്ധവിമാനം ഇറാന്റെ ശേഖരത്തിലേക്ക്? ജെ-20 മോഡൽ സമ്മാനിച്ച് ചൈന

 അമേരിക്കൻ പടക്കപ്പലുകൾ തകർക്കാൻ ശേഷിയുള്ള യുദ്ധവിമാനം ഇറാന്റെ ശേഖരത്തിലേക്ക്? ജെ-20 മോഡൽ സമ്മാനിച്ച് ചൈന

ബെയ്ജിങ്/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാൻ സാധ്യതയുള്ള നിർണായക നീക്കവുമായി ചൈന. തങ്ങളുടെ പക്കലുള്ള ഏറ്റവും അത്യാധുനികമായ ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ ഒരു മോഡൽ ഇറാന്റെ വ്യോമസേനാ മേധാവിക്ക് ചൈന ഔദ്യോഗികമായി സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ശക്തമാകുന്ന സൈനിക സഹകരണത്തിന്റെ പ്രകടമായ അടയാളമായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. റഡാറുകളുടെ കണ്ണുകൾ വെട്ടിച്ച് പടക്കപ്പലുകളിൽ നാശം വിതയ്ക്കാൻ ശേഷിയുള്ള യുദ്ധവിമാനം കൂടിയാണ് ഇതെന്ന രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.

അമേരിക്കയുടെ എ-22, എ-35 വിമാനങ്ങൾക്ക് വെല്ലുവിളിയായി ചൈന വികസിപ്പിച്ചെടുത്ത ജെ-20, ലോകത്തെ തന്നെ ഏറ്റവും മികച്ച അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് വ്യോമസേനയുടെ കരുത്തായ ജെ-20 വെറുമൊരു യുദ്ധവിമാനമല്ല, മറിച്ച് ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള അത്യാധുനിക ആയുധമാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ വിമാനങ്ങളിൽ പുതിയ എഞ്ചിനുകളും ഏറ്റവും നൂതനമായ റഡാർ സംവിധാനങ്ങളും ചൈന ഘടിപ്പിച്ചുകഴിഞ്ഞു. ഇത് വിമാനത്തിന്റെ വേഗതയും ദൂരപരിധിയും വർധിപ്പിക്കുന്നു.

യുദ്ധഭൂമിയിൽ പൈലറ്റിന് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന എഐ സംവിധാനങ്ങൾ ‘ജെ-20’യിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ശത്രുവിമാനങ്ങളെയും മിസൈലുകളെയും തിരിച്ചറിയുന്ന കാര്യത്തിൽ കൂടുതൽ കൃത്യത നൽകുമെന്നാണു പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

ജെ-20യുടെ പുതിയ വേരിയന്റുകൾക്ക് സമുദ്രത്തിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ സാധിക്കുമെന്ന് ചൈന വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ വിമാനവാഹിനി കപ്പലുകൾക്ക് ഇത് വലിയ ഭീഷണിയാകുമെന്ന് യുഎസ് നാവികസേന നിരീക്ഷിക്കുന്നു.

നിരന്തരമായ അപ്ഗ്രേഡുകളിലൂടെ 2070 വരെ ഈ വിമാനം ചൈനീസ് വ്യോമസേനയുടെ ഭാഗമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ചാം തലമുറയിൽനിന്ന് ആറാം തലമുറയിലേക്കുള്ള മാറ്റത്തിന് സജ്ജമായാണ് ഇതിന്റെ രൂപകൽപ്പന.

അമേരിക്കൻ വ്യോമസേനയ്ക്ക് വലിയ തലവേദനയാണ് ജെ-20 സൃഷ്ടിക്കുന്നത്. ചൈനയുടെ ഈ ‘പറക്കുന്ന ഭീകരരൂപം’ പസഫിക് മേഖലയിൽ യുഎസിന്റെ ആധിപത്യത്തിന് ഭീഷണിയാണെന്ന് നാഷണൽ സെക്യൂരിറ്റി ജേണൽ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്എസ് എബ്രഹാം ലിങ്കണിനു പുറമെ, ലോകത്തെ തന്നെ ഏറ്റവും വലിയ പടക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡും പശ്ചിമേഷ്യയിലേക്ക് എത്തുകയാണ്. ഇറാനെ വരുതിയിലാക്കാനുള്ള യുഎസിന്റെ സമ്മർദതന്ത്രമായാണു പുതിയ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇതിനിടയിലാണ് ചൈന യുദ്ധവിമാനത്തിന്റെ മോഡൽ ഇറാനു സമ്മാനിക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.

ചൈനീസ് സൈനിക അറ്റാഷെമാർ ഇറാൻ വ്യോമസേന കമാൻഡർ ബ്രിഗേഡിയർ ജനറൽ ബഹ്മാൻ ബെഹ്മാർദുമായി കഴിഞ്ഞ ദിവിസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു സമ്മാനം കൈമാറിയത്. ഇറാൻ മാധ്യമങ്ങൾ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഇറാൻ ചൈനയിൽ നിന്ന് ജെ-20 വിമാനങ്ങൾ വാങ്ങുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ഈ സമ്മാനം ഭാവിയിലെ വലിയ പ്രതിരോധ ഇടപാടുകളുടെ സൂചനയായായാണു വിലയിരുത്തപ്പെടുന്നത്. ഇറാനെതിരെയുള്ള ഉപരോധങ്ങൾ നിലനിൽക്കെ, ചൈനയുമായുള്ള ഈ അടുപ്പം പശ്ചിമേഷ്യയിൽ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

സൗഹൃദത്തിന്റെ അടയാളമായി നൽകിയ ഈ കൊച്ചു വിമാന മാതൃക, വരാനിരിക്കുന്ന വലിയ സൈനിക നീക്കങ്ങളുടെ തുടക്കമാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Also read: