02/03/2026
[fontresizer_tawhidurrahmandear_widget]

‘ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടികളുണ്ടാക്കി അധികാരക്കസേരകളിൽ അടയിരിക്കുന്നു’- വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

 ‘ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടികളുണ്ടാക്കി അധികാരക്കസേരകളിൽ അടയിരിക്കുന്നു’- വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: മുസ്ലിം ലീഗിനും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷ മതവിഭാഗങ്ങൾ സ്വന്തമായി രാഷ്ട്രീയ പാർട്ടികളുണ്ടാക്കി അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടി ഇരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ തുറന്നടിക്കൽ.

‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളെല്ലാം ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് പിന്നാക്കഅധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംഘടിച്ച് എം.എൽ.എമാരെയും മന്ത്രിമാരെയും സൃഷ്ടിക്കുകയാണെന്നും, അർഹതപ്പെട്ടതിലും അധികം നേടിയിട്ടും ഇവരുടെ മുറുമുറുപ്പ് മാറുന്നില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ലീഗിനും കോൺഗ്രസിനും വിമർശനം

കഴിഞ്ഞ പത്ത് വർഷം അധികാരത്തിന് പുറത്തായതിനാൽ, ഇനി ഭരണം കിട്ടിയാൽ ആ കുറവ് കൂടി നികത്താൻ ലീഗ് ശ്രമിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് ഈഴവനായിരുന്നിട്ടും കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസിന് ആ സമുദായത്തിൽ നിന്ന് ഒരൊറ്റ പ്രതിനിധി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് സമുദായം നേരിടുന്ന അവഗണനയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ മുന്നണികൾ തയ്യാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Also read: