02/03/2026
[fontresizer_tawhidurrahmandear_widget]

‘ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും വളർത്തണം’- ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

 ‘ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും വളർത്തണം’- ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ലഖ്‌നൗ: ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും വളർത്തുന്നത് പരിഗണിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ലഖ്‌നൗവിൽ നടന്ന സാമൂഹിക സൗഹാർദ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ നിരക്ക് കുറയുന്നത് സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന ശാസ്ത്രീയ നിരീക്ഷണങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

വിവാഹം കേവലം വ്യക്തിപരമായ ആഗ്രഹപൂർത്തീകരണത്തിനല്ലെന്നും, സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉത്തരവാദിത്തം കൂടിയാണെന്നും നവദമ്പതികളെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിലവിൽ നേരിട്ടുള്ള ഭീഷണികളില്ലെങ്കിലും ജാഗ്രത അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നും അവർക്ക് തൊഴിൽ നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതപരിവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഭഗവത്, ഹിന്ദു മതത്തിലേക്ക് തിരികെ വരുന്നവരെ സ്വീകരിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ആഹ്വാനം ചെയ്തു. ജാതി വിവേചനം അവസാനിപ്പിക്കണമെന്നും ക്ഷേത്രങ്ങളും പൊതുവിടങ്ങളും എല്ലാവർക്കുമായി തുറന്നിടണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീശക്തിയെ കുടുംബത്തിന്റെ അടിത്തറയായി വിശേഷിപ്പിച്ച അദ്ദേഹം, സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടണമെന്നും നിർദ്ദേശിച്ചു.

സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ അച്ചടക്കം പാലിക്കണമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൊബൈൽ ഫോൺ എന്നിവയുടെ അമിത ഉപയോഗത്തിനെതിരെ യുവതലമുറ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക ഐക്യവും ദേശസ്‌നേഹവും കുടുംബങ്ങളിൽ നിന്ന് തന്നെ തുടങ്ങണമെന്നാണ് ആർഎസ്എസ് മേധാവിയുടെ സന്ദേശം.

Also read: