04/03/2026
[fontresizer_tawhidurrahmandear_widget]

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തം: 50 കോടിയുടെ നാശനഷ്ടം; കാരണം കണ്ടെത്താനായില്ല

 ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തം: 50 കോടിയുടെ നാശനഷ്ടം; കാരണം കണ്ടെത്താനായില്ല

കോഴിക്കോട്: കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപ്പിടിത്തത്തിൽ 50 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മാനേജ്‌മെന്റ്. ചൊവ്വാഴ്ച വൈകീട്ട് 5.50ഓടെ ഉണ്ടായ അപകടത്തിൽ ഷോറൂമിലെ രണ്ടും മൂന്നും നിലകളുടെ പകുതിയോളം ഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ടെക്‌സ്‌റ്റൈൽസ് മാനേജർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തീപ്പിടിത്തത്തിന്റെ കൃത്യമായ ഉറവിടമോ കാരണമോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. നാല് മണിക്കൂറോളം നീണ്ട കഠിനപ്രയത്‌നത്തിനൊടുവിലാണ് തീയണയ്ക്കാനായത്. കട്ടികൂടിയ ഗ്ലാസുകൾ തകർത്ത് അകത്തുകടന്ന് തീയണയ്ക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.

തീ പടർന്ന നിലകളിലെ സാധനങ്ങൾക്കു പുറമെ, കരിയും പുകയും പിടിച്ച് ഷോറൂമിലെ മുഴുവൻ തുണിത്തരങ്ങളും വസ്ത്രങ്ങളും ഉപയോഗശൂന്യമായതായി മാനേജിങ് ഡയറക്ടർ എം ഗോവിന്ദ കമ്മത്ത് അറിയിച്ചു. നിലവിൽ ഒന്നുപോലും വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കെട്ടിടത്തിലെ ഫർണിച്ചറുകളും ഗ്ലാസുകളും പൂർണമായി നശിച്ചു. സ്ഥാപനത്തിന് സമ്പൂർണ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നും മുൻപ് 2023ലുണ്ടായ തീപ്പിടിത്തത്തിന് ശേഷം ഫയർഫോഴ്‌സ് നിർദ്ദേശിച്ച സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ സുരക്ഷാ സൗകര്യങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Also read: