07/03/2026
[fontresizer_tawhidurrahmandear_widget]

‘ദൈവത്തിന്റെ സംരക്ഷണം പോലും പ്രതീക്ഷിക്കണ്ട’; 50 ആണവ റോക്കറ്റ് ലോഞ്ചറുകൾ പുറത്തിറക്കി കിം

 ‘ദൈവത്തിന്റെ സംരക്ഷണം പോലും പ്രതീക്ഷിക്കണ്ട’; 50 ആണവ റോക്കറ്റ് ലോഞ്ചറുകൾ പുറത്തിറക്കി കിം

പ്യോങ്‌യാങ്: ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ ഒമ്പതാം കോൺഗ്രസിന് മുന്നോടിയായി 50 പുത്തൻ റോക്കറ്റ് ലോഞ്ചറുകൾ അനാച്ഛാദനം ചെയ്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ആണവ ശേഷിയുള്ള 600 എംഎം കാലിബർ ലോഞ്ചറുകളെ ‘അത്ഭുതകരവും ആകർഷകവും’ എന്നാണ് കിം വിശേഷിപ്പിച്ചത്. ഇന്നലെ പ്യോങ്‌യാങ്ങിലെ ഹൗസ് ഓഫ് കൾച്ചർ പ്ലാസയിൽ നടന്ന ചടങ്ങിലാണ് അത്യാധുനികമായ വിക്ഷേപണ വാഹനങ്ങൾ നിരനിരയായി പ്രദർശിപ്പിച്ചത്.

പുതിയ ലോഞ്ചറുകളിൽ എഐ സാങ്കേതികവിദ്യയും കോമ്പൗണ്ട് ഗൈഡൻസ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കിം അവകാശപ്പെട്ടു. ദക്ഷിണ കൊറിയ മുഴുവൻ പരിധിയിൽ വരുന്ന 400 കിലോമീറ്റർ ദൂരപരിധിയുള്ള റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇതിന് സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. തന്ത്രപരമായ ആണവ വാർഹെഡുകൾ സജ്ജീകരിച്ചിട്ടുള്ള ഇത്തരം ലോഞ്ചറുകളുടെ ബാറ്ററി ഉപയോഗിച്ച് ദക്ഷിണ കൊറിയയുടെ വ്യോമതാവളം മുഴുവനായി തകർക്കാൻ കഴിയുമെന്ന് വിശകലന വിദഗ്ധനായ ഹോങ് മിൻ വ്യക്തമാക്കി.

‘ഈ ആയുധത്തിന് മുന്നിൽ ഒരു ശക്തിക്കും ദൈവത്തിന്റെ സംരക്ഷണം പോലും പ്രതീക്ഷിക്കാൻ കഴിയില്ല’ എന്നായിരുന്നു കിമ്മിന്റെ പ്രതികരണം. വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ വരും വർഷങ്ങളിലേക്കുള്ള പുതിയ സൈനിക ലക്ഷ്യങ്ങളും ആണവ നയങ്ങളും പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാഹ്യശക്തികളിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ സൈനിക ശേഷി നിരന്തരം പുതുക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനം.

അതേസമയം, അതിർത്തിയിൽ സിവിലിയൻ ഡ്രോണുകൾ കടന്നുകയറുന്ന വിഷയത്തിൽ ദക്ഷിണ കൊറിയൻ മന്ത്രിയുടെ ക്ഷമാപണം കിമ്മിന്റെ സഹോദരി കിം യോ ജോങ് അംഗീകരിച്ചു. എങ്കിലും ശത്രുരാജ്യവുമായുള്ള അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. മേഖലയിലെ സൈനിക നീക്കങ്ങൾ ദക്ഷിണ കൊറിയൻ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Also read: