പിഴിഞ്ഞ നാരങ്ങത്തോടുകൾ ഇനി വെറുതെ കളയേണ്ട; ഗുണങ്ങൾ ചെറുതൊന്നുമല്ല
മിക്ക വീടുകളിലും നാരങ്ങാനീര് പിഴിഞ്ഞെടുത്ത ശേഷം അതിന്റെ തൊലി വെറുതെ ദൂരേക്ക് കളയുകയാണ് പതിവ്. എന്നാൽ നാരങ്ങയ്ക്ക് ഉള്ളതുപോലെ തന്നെ അതിന്റെ പിഴിഞ്ഞെടുത്ത തൊലിക്കും മികച്ച ക്ലീനിങ് ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് അടുക്കളയിലെ കരിപിടിച്ചതും എണ്ണമയമുള്ളതുമായ ലോഹ പാത്രങ്ങൾ വൃത്തിയാക്കാൻ ഇവ മികച്ചതാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന സ്വാഭാവിക അസിഡിറ്റി കഠിനമായ ഗ്രീസും എണ്ണമയവും പെട്ടെന്ന് തന്നെ ലളിതമാക്കുന്നു. വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ നിറഞ്ഞ ലിക്വിഡുകൾക്ക് പകരം, കറപിടിച്ച പാത്രങ്ങൾ പുത്തൻ പോലെ തിളക്കാൻ നാരങ്ങത്തോടുകൾ വീണ്ടും ഉപയോഗിക്കാവുന്ന നാല് എളുപ്പവഴികൾ ഇതാ:
നാരങ്ങ – ബേക്കിംഗ് സോഡ പേസ്റ്റ്
നാരങ്ങാനീരും ബേക്കിംഗ് സോഡയും ചേരുമ്പോൾ എണ്ണമയത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ ശേഷിയുള്ള ഒരു മികച്ച മിശ്രിതം രൂപപ്പെടുന്നു. ബേക്കിംഗ് സോഡയുടെ പരുക്കൻ സ്വഭാവവും നാരങ്ങയുടെ അസിഡിറ്റിയും ഒന്നിക്കുന്നതോടെ ലോഹ പാത്രങ്ങൾക്ക് യാതൊരു കേടുപാടും വരുത്താതെ തന്നെ കടുത്ത കറകൾ ഇളകിപ്പോരും. നാരങ്ങാനീരിൽ അല്പം ബേക്കിംഗ് സോഡ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് എണ്ണമയമുള്ള ഭാഗങ്ങളിൽ നന്നായി പുരട്ടി മൃദുവായ സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് ചെറുതായി ഉരയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുമ്പോൾ പാത്രങ്ങൾ തിളങ്ങുന്നത് കാണാം.
നാരങ്ങ – ഉപ്പ് സ്ക്രബ്
പ്രകൃതിദത്തമായ രീതിയിൽ പാത്രങ്ങളിലെ കറകൾ ഉരച്ചു കളയാൻ നാരങ്ങയും ഉപ്പും ചേർന്ന കോമ്പിനേഷൻ സഹായിക്കും. ഉപ്പിന്റെ പരുപരുത്ത തരികൾ കട്ടികൂടിയ ഗ്രീസ് ഇളക്കാൻ സഹായിക്കുമ്പോൾ നാരങ്ങാനീര് അതിനെ വേഗത്തിൽ ലലിതമാക്കുന്നു. ഇതിനായി നാരങ്ങയുടെ മുറിഞ്ഞ ഭാഗം ഉപ്പിൽ മുക്കിയ ശേഷം എണ്ണമയമുള്ള പാത്രങ്ങളിൽ നേരിട്ട് ഉരസുക. ഫ്രൈയിംഗ് പാനുകൾ, വെള്ളി പാത്രങ്ങൾ എന്നിവ വൃത്തിയാക്കാൻ ഈ രീതി ഏറെ ഫലപ്രദമാണ്. കറകൾ നീങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തിൽ ഇവ കഴുകി വൃത്തിയാക്കാം.
നാരങ്ങ വെള്ളത്തിൽ കുതിർത്തിവെക്കൽ
അടിഭാഗത്ത് വലിയ രീതിയിൽ എണ്ണയും കരിയും പിടിച്ച പാത്രങ്ങൾ എളുപ്പത്തിൽ കഴുകിയെടുക്കാൻ നാരങ്ങ വെള്ളത്തിലെ കുതിർക്കൽ പ്രക്രിയ സഹായിക്കും. ഒരു വലിയ പാത്രത്തിലോ ബേസിനിലോ ചെറുചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് നാരങ്ങത്തോടുകൾ പിഴിഞ്ഞ് ഒഴിച്ച ശേഷം പാത്രങ്ങൾ 15 മുതൽ 20 മിനിറ്റ് വരെ ഈ വെള്ളത്തിൽ മുക്കിവെക്കുക. ഇതിനുശേഷം സാധാരണ സ്പോഞ്ചോ ഡിഷ് വാഷോ ഉപയോഗിച്ച് ചെറുതായി ഒന്ന് ഉരച്ചാൽ തന്നെ കടുത്ത എണ്ണമയം മുഴുവനായി വിട്ടുപോകും.
നാരങ്ങ – വിനാഗിരി സ്പ്രേ
എണ്ണമയം ഉടനടി കളയാൻ സഹായിക്കുന്ന ഒരു കിടിലൻ സ്പ്രേ വീട്ടിൽ തന്നെ തയ്യാറാക്കാം. ഒരു സ്പ്രേ കുപ്പിയിൽ നാരങ്ങാനീര്, വിനാഗിരി, ചെറുചൂടുള്ള വെള്ളം എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിക്കുക. എണ്ണമയമുള്ള പാത്രങ്ങളിലേക്ക് ഈ ലായനി സ്പ്രേ ചെയ്ത ശേഷം കുറച്ച് മിനിറ്റുകൾ മാറ്റിവെക്കുക. തുടർന്ന് ഒരു തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ചു മാറ്റിയാൽ മതിയാകും. വിപണിയിലെ ക്ലീനിങ് സ്പ്രേകളേക്കാൾ വേഗത്തിലും സുരക്ഷിതമായും വിവിധ ലോഹ പാത്രങ്ങൾ വൃത്തിയാക്കാൻ ഇത് അനുയോജ്യമാണ്.