‘കണക്കുകൾ പുറത്തുവിടേണ്ട ബാധ്യത പാർട്ടിക്കില്ല’; വി.കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയത് ന്യായീകരിച്ച് സിപിഎം
കണ്ണൂർ: വി.കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയ നടപടി ന്യായീകരിച്ച് സിപിഎം. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി വിശദീകരിക്കാൻ വിളിച്ചുചേർത്ത ജനറൽ ബോഡി യോഗങ്ങളിലാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
ടി.ഐ. മധുസൂദനൻ എംഎൽഎയോടുള്ള വ്യക്തിവിദ്വേഷമാണ് കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് പാർട്ടി വിശദീകരിക്കുന്നു
ണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ബോധപൂർവം തയ്യാറാക്കിയ അജണ്ടയാണിതെന്നും കുഞ്ഞിക്കൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി.
ധനരാജ് രക്തസാക്ഷി ഫണ്ടിലോ സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള പിരിവിലോ ഒരു രൂപയുടെ പോലും നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് പാർട്ടിയുടെ വാദം. എന്നാൽ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ചില രസീതുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പേരിൽ ഓഫീസ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. കണക്കുകൾ ഓഡിറ്റ് ചെയ്ത് കൃത്യമാണെന്ന് ബോധ്യപ്പെട്ടതാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളും കണക്കുകളും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
താൻ മാത്രമാണ് ശരിയെന്ന കുഞ്ഞിക്കൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഒരു ഉത്തമ കമ്യൂണിസ്റ്റല്ലെന്നും രാഗേഷ് വിശദീകരിച്ചു. ചോദ്യങ്ങൾ ചോദിക്കാൻ ജനറൽ ബോഡിയിൽ അവസരം ലഭിക്കാത്തതിൽ അണികൾക്കിടയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളിൽ ബ്രാഞ്ച് യോഗങ്ങൾ വിളിച്ച് വിശദീകരണം നൽകാനാണ് പാർട്ടി തീരുമാനം.