തീപിടുത്തം പൊന്നാനിയിൽ, അഗ്നിരക്ഷാസേന പാഞ്ഞെത്തിയത് കോഴിക്കോട് ബീച്ചിൽ!
കോഴിക്കോട്: പൊന്നാനിയിലെ കടയിലുണ്ടായ തീപിടുത്തം അണയ്ക്കാൻ കോഴിക്കോട് ബീച്ചിൽ അഗ്നിരക്ഷാസേന നെട്ടോട്ടമോടിയത് അധികൃതരെയും നാട്ടുകാരെയും ഒരുപോലെ കുഴപ്പിച്ചു. 101 എന്ന എമർജൻസി നമ്പറിലെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹായ അഭ്യർത്ഥനകൾ കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലേക്ക് എത്തുന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബീച്ച് ഫയർ സ്റ്റേഷനിലേക്ക് പരിഭ്രമത്തോടെ ഒരു ഫോൺവിളി എത്തിയത്. സ്റ്റേഷന് തൊട്ടുപിന്നിലെ ഹോട്ടലിന് തീപിടിച്ചെന്നായിരുന്നു സന്ദേശം. ഉടൻ തന്നെ അഗ്നിരക്ഷാസേന മൊബൈൽ ടാങ്ക് യൂണിറ്റുമായി തിരച്ചിൽ നടത്തിയെങ്കിലും എവിടെയും തീപിടുത്തം കണ്ടെത്താനായില്ല. തുടർന്ന് വിളിച്ചയാളെ തിരിച്ചുബന്ധപ്പെട്ടപ്പോഴാണ് സംഭവം പൊന്നാനിയിലാണെന്ന് തിരിച്ചറിയുന്നത്. “പൊന്നാനി സ്റ്റേഷന് തൊട്ടുപിന്നിലെ കടയിലെത്താൻ ഇത്രയും സമയമെടുക്കുമോ” എന്നായിരുന്നു വിളിച്ചയാളുടെ മറുചോദ്യം.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്ന് 101-ലേക്ക് വിളിക്കുന്ന പല കോളുകളും നെറ്റ്‌വർക്ക് തകരാർ മൂലം കോഴിക്കോട് ബീച്ച് സ്റ്റേഷനിലെ 2723051 എന്ന ലാൻഡ് ഫോണിലേക്കാണ് എത്തുന്നത്. ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സ്റ്റേഷൻ ഫയർ ഓഫീസർ കെ. അരുൺ പറഞ്ഞു. പലതവണ മൊബൈൽ സേവനദാതാക്കൾക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.