മോഷണത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു
നന്തിബസാർ : കോഴിക്കോട് നന്തി ബസാറിൽ മോഷണത്തിനെത്തിയ ബംഗാൾ സ്വദേശി ഗൃഹനാഥന്റെ വീട്ടിലെ കിണറ്റിൽ വീണു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവ് അബദ്ധത്തിൽ കിണറ്റിൽ പതിച്ചത്. രാവിലെ മുറ്റം വൃത്തിയാക്കാനിറങ്ങിയ ഗൃഹനാഥ കിണറിന് മുകളിലെ ഗ്രില്ല് മാറിയിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളെ കണ്ടെത്തിയത്.
വീടിന്റെ കുളിമുറി വഴി അകത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പോലീസും ഫയർ ഫോഴ്സും ചേർന്നാണ് ഇയാളെ പുറത്തെടുത്തത്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് എടുത്തു.