‘ടിഎംസി എംപി സായോണി ഘോഷിന്റെ തലയറുക്കുന്നവർക്ക് ഒരു കോടി പാരിതോഷികം’; വിവാദമായപ്പോൾ എഐ വാദവുമായി ബിജെപി നേതാവ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ എംപി സായോണി ഘോഷിന്റെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്. സിക്കന്ദ്രബാദ് നഗർ പാലിക ചെയർമാൻ ഡോ. പ്രദീപ് ദീക്ഷിതാണ് ടിഎംസി എംപിക്കെതിരെ കൊലവിളി നടത്തിയത്. ശിവലിംഗവുമായി ബന്ധപ്പെട്ട് സായോണി മുൻപ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വീണ്ടും പ്രചരിച്ചതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി.
താൻ എല്ലാ ദിവസവും ശിവനെ ആരാധിക്കുന്ന ആളാണെന്നും സായോണി ഘോഷിന്റെ പ്രവർത്തി തനിക്കേറെ വേദനയുണ്ടാക്കിയെന്നുമാണ് ദീക്ഷിത് പറയുന്നത്. സായോണി ഘോഷിന്റെ വെട്ടിമാറ്റിയ തല കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന ദീക്ഷിതിന്റെ വീഡിയോ ദൃശ്യങ്ങൾ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. സംഭവം വൻ വിവാദമായതോടെ വലിയ വിമർശനങ്ങളാണ് ബിജെപി നേതാവിനെതിരെ ഉയർന്നത്.
എന്നാൽ, പ്രതിഷേധം ശക്തമായതോടെ നിലപാട് മാറ്റി മലക്കംമറിഞ്ഞിരിക്കുകയാണ് പ്രദീപ് ദീക്ഷിത്. താൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് ഇയാൾ ഇപ്പോൾ അവകാശപ്പെടുന്നത്. തന്റെ വ്യക്തിത്വം നശിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോയിൽ കൃത്രിമം കാണിച്ചതാണെന്നാണ് ദീക്ഷിതിന്റെ പുതിയ വാദം.
സായോണി ഘോഷ് 2015-ൽ പങ്കുവെച്ച പോസ്റ്റാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും, ഈയിടെ നടന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഈ പോസ്റ്റ് വീണ്ടും പ്രചരിപ്പിക്കപ്പെടുകയും സായോണിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 2015-ൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഹാക്കർമാരാണ് ആ ചിത്രം പോസ്റ്റ് ചെയ്തതെന്നുമാണ് സായോണി വ്യക്തമാക്കുന്നത്.