02/06/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ എംക്യു-9 ഡ്രോൺ തകർത്തിട്ട് ഇറാൻ; എഫ്-35 യുദ്ധവിമാനത്തെ വ്യോമാതിർത്തിയിൽനിന്നു തുരത്തി

 അമേരിക്കയുടെ എംക്യു-9 ഡ്രോൺ തകർത്തിട്ട് ഇറാൻ; എഫ്-35 യുദ്ധവിമാനത്തെ വ്യോമാതിർത്തിയിൽനിന്നു തുരത്തി

തെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. പേർഷ്യൻ ഗൾഫ് മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുഎസ് ഡ്രോണുകൾക്കും യുദ്ധവിമാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ സൈന്യം. അമേരിക്കയുടെ അത്യാധുനികമായ എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ വ്യോമപ്രതിരോധ വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രതിരോധനീക്കങ്ങൾ കടുപ്പിച്ചതോടെ ആക്രമിക്കാനെത്തിയ യുദ്ധവിമാനങ്ങൾ പിന്തിരിഞ്ഞോടുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനുപുറമെ, ഇറാന്റെ വ്യോമാതിർത്തിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കയുടെ അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനത്തിന് നേരെയും ആർക്യു-4 നിരീക്ഷണ ഡ്രോണിന് നേരെയും ഇറാൻ സൈന്യം വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. യുഎസ് വിമാനങ്ങൾ ഇറാൻ വ്യോമാതിർത്തിയിൽനിന്നു ഭയന്നു പിന്മാറിയെന്ന് ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മേഖലയിലെ ഇടപെടലുകളും പ്രകോപനങ്ങളും അമേരിക്കൻ ‘ഭീകര സൈന്യം’ ഇപ്പോഴും തുടരുകയാണെന്ന് ഐആർജിസിയുടെ പബ്ലിക് റിലേഷൻസ് വിഭാഗം കുറ്റപ്പെടുത്തി. കൃത്യമായ ഇന്റലിജൻസ് നിരീക്ഷണത്തിലൂടെയാണ് യുഎസ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ അതിനെ വെടിവെച്ചിട്ടതുമെന്നും ഇറാൻ വ്യക്തമാക്കി.

‘അധിനിവേശ യുഎസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള വെടിനിർത്തൽ ലംഘനങ്ങൾക്കും കനത്ത വില നൽകേണ്ടിവരും. ശത്രുക്കളുടെ പ്രകോപനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ട്,’ ഐആർജിസി തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാരാക് ദ്വീപിന് തെക്ക് ഭാഗത്ത് ഇറാന്റെ സിവിലിയൻ ബോട്ടുകൾക്കും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും നേരെ തങ്ങൾ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നിരവധി പേർ കൊല്ലപ്പെടാനിടയാക്കിയ അമേരിക്കൻ-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെയാണ് പേർഷ്യൻ ഗൾഫിൽ കനത്ത തിരിച്ചടിയുമായി ഇറാൻ സൈന്യം രംഗത്തെത്തിയത്.

ഫെബ്രുവരി 28-ന് ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി വരുത്താൻ പാകിസ്ഥാന്റെ നേതൃത്വത്തിൽ കടുത്ത നയതന്ത്ര നീക്കങ്ങളും ചർച്ചകളും അണിയറയിൽ സജീവമായി നടക്കുന്നതിനിടയിലാണ് പുതിയ വ്യോമാക്രമണം നടന്നത്. ഏപ്രിൽ എട്ടിന് നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. കരാർ അന്തിമഘട്ടത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ഇരുപക്ഷവും ആകാശത്ത് വെച്ച് കൊമ്പുകോർത്തത് സമാധാന ശ്രമങ്ങൾക്ക് വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

Also read: