11/05/2026
[fontresizer_tawhidurrahmandear_widget]

‘ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്‌തതെന്ന് പല സഹോദരിമാരും ചോദിക്കുന്നു’; മുഖ്യമന്ത്രി ചർച്ച നീണ്ടു പോകുന്നതിൽ മുസ്‌ലിം ലീഗിന് അതൃപ്തി

 ‘ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്‌തതെന്ന് പല സഹോദരിമാരും ചോദിക്കുന്നു’; മുഖ്യമന്ത്രി ചർച്ച നീണ്ടു പോകുന്നതിൽ മുസ്‌ലിം ലീഗിന് അതൃപ്തി

മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പുലർത്തുന്ന അനിശ്ചിതത്വത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് ജനവിധിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിനെ ഇത് ബാധിക്കുമെന്നും ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു.

10 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വിജയത്തിൻ്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് പാർട്ടി വിലയിരുത്തുന്നു. കഠിനമായ ചൂടിനെപ്പോലും അവഗണിച്ച് അധ്വാനിച്ച പ്രവർത്തകർക്ക് വിജയം ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ‘ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്’ എന്ന് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള വോട്ടർമാർ ചോദിക്കുന്നത് നേതാക്കളെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലയിടങ്ങളിലും ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടികൾ പോലും മാറ്റിവെക്കേണ്ടി വരുന്നു.

ഉത്തരേന്ത്യൻ മാതൃകയിൽ തീരുമാനങ്ങൾക്കായി ആഴ്ചകളോളം കാത്തിരിക്കുന്ന ശൈലി കേരളത്തിന് ചേർന്നതല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ലീഗ് മുന്നറിയിപ്പ് നൽകുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഉന്നതതല സംഘം ലീഗിന്റെ നിലപാട് എഐസിസി നിരീക്ഷകരെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെയായാലും അത് വൈകരുത് എന്നതാണ് പാർട്ടിയുടെ ഉറച്ച നിലപാട്. യുഡിഎഫിനെ 100 സീറ്റിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ച കക്ഷിയെന്ന നിലയിൽ ഭരണസ്തംഭനം തുടരാൻ അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയാണ് മുസ്‌ലിം ലീഗ് നൽകുന്നത്.

Also read: