‘യുദ്ധത്തിനിടെ ഇറാൻ വിമാനത്തെ പാകിസ്താൻ ഒളിപ്പിച്ചു’; ഗുരുതര ആരോപണവുമായി യുഎസ്
വാഷിങ്ടൺ/ ഇസ്‌ലാമാബാദ്: ഇറാൻ-ഇസ്രയേൽ സൈനിക സംഘർഷത്തിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്താൻ രഹസ്യമായി അഭയം നൽകിയെന്ന ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത്. യുഎസ് സേനയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനായി ഇറാന്റെ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമത്താവളത്തിൽ ഒളിപ്പിച്ചതായാണ് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥൻ സിബിഎസിനോട് വെളിപ്പെടുത്തിയത്.
ഇറാന്റെ രഹസ്യ നിരീക്ഷണ വിമാനമായ ആർസി-130 ഉൾപ്പെടെയുള്ളവ നൂർ ഖാനിലുണ്ടായിരുന്നുവെന്നും ചില വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വാദങ്ങൾ പാകിസ്താൻ പാടെ തള്ളി. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന നൂർ ഖാൻ വിമാനത്താവളത്തിൽ ഇത്തരത്തിൽ വിമാനങ്ങൾ ഒളിപ്പിക്കുക അസാധ്യമാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാക് സൈനിക വൃത്തങ്ങൾ പ്രതികരിച്ചു.
അതേസമയം, സംഘർഷം തുടങ്ങിയതോടെ ഇറാന്റെ യാത്രാവിമാനം കാബൂളിൽ ഇറങ്ങിയതായി അഫ്ഗാൻ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇറാൻ സൈനിക വിമാനങ്ങൾക്ക് അഫ്ഗാൻ മണ്ണിൽ ഇടം നൽകിയിട്ടില്ലെന്ന് താലിബാൻ വ്യക്തമാക്കി. സംഭവത്തിൽ പാകിസ്താന്റെ നിലപാടിനെ വിമർശിച്ച് യുഎസ് സെനറ്റർ ലിൻഡ് ഗ്രഹാമും രംഗത്തെത്തിയതോടെ വിഷയം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.