‘ഇറാൻ യുദ്ധത്തിൽ കിതക്കുന്നത് അമേരിക്ക; ആയുധങ്ങൾ തീരുന്നു, തിരിച്ചടി മാത്രമുള്ള യുദ്ധത്തിൽ ജനതക്ക് എന്താണ് നേട്ടം?’ ട്രംപിനെതിരെ തുറന്നടിച്ച് യുഎസ് സെനറ്റർ
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടത്തിന് വ്യക്തമായ സൈനിക പദ്ധതികളില്ലെന്നും രാജ്യം കടുത്ത ആയുധക്ഷാമം നേരിടുകയാണെന്നും ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി. യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് ചോരുകയാണെന്നും ഇത് മറ്റ് ആഗോള ഭീഷണികളെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെ കെല്ലി തുറന്നടിച്ചത്.
ഇറാനുമായുള്ള സംഘർഷം നീണ്ടുപോകുന്നത് പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തുന്നതിനൊപ്പം അമേരിക്കയെ അശക്തരാക്കുകയാണെന്ന് കെല്ലി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തായ്‌വാനെതിരെ ചൈന നീങ്ങിയാൽ അവരെ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ല. അത്യാധുനിക ആയുധങ്ങൾ തീർന്നുപോകുന്നത് ഗൗരവകരമായ പ്രതിസന്ധിയാണ്. ആയുധശേഖരം പഴയപടിയാക്കാൻ വർഷങ്ങളോളം വേണ്ടിവരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നീണ്ടുപോകുന്ന ഈ യുദ്ധം കൊണ്ട് അമേരിക്കൻ ജനതയ്ക്ക് എന്ത് നേട്ടമാണുണ്ടാകുന്നതെന്ന് കെല്ലി ചോദിച്ചു. പുതിയ യുദ്ധങ്ങളിലേക്കില്ലെന്ന് പറയുന്ന പ്രസിഡന്റ് നേരെ വിപരീതമായ കാര്യങ്ങളാണ് ചെയ്യുന്നത്. യുദ്ധം രാജ്യത്തിന്റെ സകല മേഖലകളെയും തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടെ, ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ട്രംപ് തള്ളിയതും വിമർശനത്തിന് വഴിവെച്ചു. കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയെ കളിപ്പിക്കുകയാണെന്നും അത് ഇനിയും അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാൽ, ഭൂരിഭാഗം അമേരിക്കൻ ജനതയും യുദ്ധം തുടരുന്നതിനോട് വിമുഖത കാണിക്കുന്നതായാണ് പുതിയ പോളിങ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.