11/05/2026
[fontresizer_tawhidurrahmandear_widget]

ഉപമുഖ്യമന്ത്രി, മന്ത്രി, വിജയ് രാജിവെക്കുന്ന സീറ്റ്… പിന്തുണക്ക് ടിവികെയോട് വിലപേശി വിസികെ

 ഉപമുഖ്യമന്ത്രി, മന്ത്രി, വിജയ് രാജിവെക്കുന്ന സീറ്റ്… പിന്തുണക്ക് ടിവികെയോട് വിലപേശി വിസികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) സമ്മർദ്ദത്തിലാക്കി വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). സഭയിൽ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുള്ള ടിവികെയ്ക്ക് പിന്തുണ നൽകാൻ കടുത്ത നിബന്ധനകളാണ് വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ വിജയ് രാജിവെക്കുന്ന മണ്ഡലത്തിൽ മത്സരിക്കാനുള്ള അവസരം അടക്കമുള്ള ആവശ്യങ്ങളാണ് വിസികെ ഉന്നയിച്ചിരിക്കുന്നത്.

രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) ഒഴിഞ്ഞുനൽകുന്ന സീറ്റിൽ തിരുമാവളവൻ മത്സരിക്കണമെന്നും ആ വിജയം ടിവികെ ഉറപ്പാക്കണമെന്നുമാണ് പ്രധാന ആവശ്യം. നിലവിൽ ചിദംബരം എംപിയായ തിരുമാവളവൻ ആ സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഒരു മന്ത്രിസ്ഥാനം കൂടി പാർട്ടിക്ക് നൽകണമെന്നും ആവശ്യമുണ്ട്. രാഷ്ട്രീയ ആവശ്യങ്ങൾക്കൊപ്പം ജാതി-മത വിവേചനങ്ങൾക്കെതിരെ പ്രത്യേക നിയമം, ദുരഭിമാനക്കൊല തടയാൻ കർശന നിയമനിർമ്മാണം തുടങ്ങിയ നയപരമായ ആവശ്യങ്ങളും വിസികെ മുന്നോട്ട് വെച്ചിട്ടുണ്ട്.

234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ ടിവികെയ്ക്ക് നിലവിൽ 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2) എന്നീ പാർട്ടികൾ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 തികയ്ക്കാൻ വിസികെയുടെ രണ്ട് സീറ്റുകൾ നിർണ്ണായകമാണ്. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ഗവർണറെ ഉപയോഗിച്ച് ബിജെപി ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും, ഡിഎംകെയും എഐഎഡിഎംകെയും കൈകോർക്കാൻ നീക്കം നടത്തുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ തമിഴ് രാഷ്ട്രീയത്തെ കൂടുതൽ കലുഷിതമാക്കുന്നു.

Also read: