വണ്ടിയുടെ നിറം മാറ്റാം, ലൈറ്റും സ്പീക്കറും വെക്കാം; വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി, പട്ടിക പുറത്ത്
തിരുവനന്തപുരം: കേരളത്തിലെ വാഹനപ്രേമികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങൾ സംബന്ധിച്ച കൃത്യമായ മാർഗ്ഗരേഖ എംവിഡി തയ്യാറാക്കി. അനുമതിയില്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും ആർസി ബുക്കിൽ മാറ്റം വരുത്തി ചെയ്യാവുന്ന 6 മോഡിഫിക്കേഷനുകളും അടങ്ങുന്ന പട്ടിക മോട്ടോർ വാഹന വകുപ്പ് സംസ്ഥാന സർക്കാരിന് കൈമാറും.
വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്തും ഈ നിലപാടിൽ ഉറച്ചുനിന്ന അദ്ദേഹം, മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു.
അനുമതിയില്ലാതെ ചെയ്യാവുന്ന 18 മാറ്റങ്ങൾ
- സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ.
- ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ.
- ബോഡി സ്റ്റിക്കറുകൾ, ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിങ്.
- ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിങ് സെൻസർ.
- ജിപിഎസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, അഡീഷണൽ സ്‌പീക്കറുകൾ.
- ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം.
- ടോ ഹുക്കുകൾ, റൂഫ് കാരിയറുകൾ.
- 50 ശതമാനം സുതാര്യമായ സൺ ഫിലിം.
ആർസിയിൽ മാറ്റം വരുത്തി ചെയ്യാവുന്നവ
നിശ്ചിത ഫീസടച്ച് ആർടിഒ ഓഫീസിൽ നിന്നും മുൻകൂർ അനുമതി വാങ്ങി, ആർസി ബുക്കിൽ രേഖപ്പെടുത്തിയ ശേഷം മാത്രം ചെയ്യാവുന്ന 6 പ്രധാന മോഡിഫിക്കേഷനുകൾ ഇവയാണ്:
- വാഹനത്തിന്റെ നിറം മാറ്റൽ
- എൻജിൻ മാറ്റൽ
- എൽപിജി/സിഎൻജി കിറ്റ് ഘടിപ്പിക്കൽ
- വാഹനം ഇലക്ട്രിക്കാക്കി മാറ്റൽ (എലക്ട്രിക് കൺവേർഷൻ)
- ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ
- ഷാസി ഫ്രെയിം മാറ്റൽ