നാടിന്റെ കാവലാളുകൾ; 10 വർഷത്തിനിടെ കടലെടുത്തത് 469 മത്സ്യത്തൊഴിലാളികളുടെ ജീവൻ; 160 പേരെ കാണ്മാനില്ല
കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ കടലിൽ കാണാതായവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 വരെയുള്ള കണക്കുകൾ പ്രകാരം കടലിൽ കാണാതായ 160 മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 10 വർഷത്തിനിടെ 469 പേർക്കാണ് കടലിൽ ജീവൻ നഷ്ടമായത്. അതേസമയം അപകടത്തിൽപ്പെട്ട 47,773 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. ഇതിനായി 5,072 രക്ഷാദൗത്യങ്ങളാണ് നടത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കടലിലുണ്ടായ അപകടങ്ങളിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടത് ഓഖി ദുരന്തം വിതച്ച 2017-18 കാലയളവിലാണ്; 79 പേർ. ഇതേ വർഷം തന്നെ 29 പേരെ കടലിൽ കാണാതാവുകയും ചെയ്തു.
അതേസമയം, തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നുമായി കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് 26 വയസ്സുകാരനായ ഗൗതം കൃഷ്ണയെ കാണാതായിരുന്നു. എന്നാൽ തിരച്ചിൽ കാര്യക്ഷമമല്ലെന്നും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപിച്ച് കുടുംബം കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനു വേണ്ടിയുള്ള തിരച്ചിൽ ഒരാഴ്ച പിന്നിടുകയാണ്. ഷിജിനെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് കൃത്യമായ തിരച്ചിൽ ഉണ്ടാകുന്നില്ലെന്നും നിലവിൽ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മാത്രമാണ് സ്വന്തം നിലയിൽ തിരച്ചിൽ നടത്തുന്നതെന്നുമാണ് കുടുംബത്തിന്റെ പ്രധാന പരാതി.
കടലിൽ കാണാതായ യുവാക്കൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ സംവിധാനത്തിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി ഇടതുനേതാക്കൾ രംഗത്തുവന്നുവെങ്കിലും, നിലവിലെ ഭരണകാലത്ത് മാത്രം കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം 150ലേറെയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.