02/03/2026
[fontresizer_tawhidurrahmandear_widget]

വീണാ ജോര്‍ജിനെമാരകായുധം കൊണ്ട് കഴുത്തില്‍ ആക്രമിച്ചുവെന്ന്എഫ്ഐആര്‍; ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ വധശ്രമം ചുമത്തി

 വീണാ ജോര്‍ജിനെമാരകായുധം കൊണ്ട് കഴുത്തില്‍ ആക്രമിച്ചുവെന്ന്എഫ്ഐആര്‍; ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ വധശ്രമം ചുമത്തി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിലായി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജയിലിലടച്ചത്. ഇതിന് പുറമെ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു.

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മന്ത്രിയെ മാരകായുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ ഒമ്പത് വകുപ്പുകളും റെയിൽവേ ആക്ടിലെ രണ്ട് വകുപ്പുകളും ഉൾപ്പെടെ 11 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് മന്ത്രിയുടെ വാഹനത്തിന്റെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ച സംഭവത്തിലാണ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ ഷിനാജ് ഉൾപ്പെടെയുള്ള ആറ് പേരെ റിമാൻഡ് ചെയ്തത്.

ആക്രമണത്തിൽ കഴുത്തിന് ക്ഷതമേറ്റ മന്ത്രി വീണാ ജോർജിനെ വിദഗ്ധ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരമാണ് രാത്രി 10 മണിയോടെ പരിയാരത്തേക്ക് എത്തിച്ചത്. എംആർഐ സ്‌കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ ഇന്ന് നടക്കും. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തതായാണ് മന്ത്രിയുടെ പരാതി.

Also read: