02/03/2026
[fontresizer_tawhidurrahmandear_widget]

പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന; രണ്ട് കച്ചവടക്കാർ അറസ്റ്റിൽ

 പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന; രണ്ട് കച്ചവടക്കാർ അറസ്റ്റിൽ

മുംബൈ: വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പഴങ്ങളിൽ മാരകമായ എലിവിഷം പുരട്ടിയ സംഭവത്തിൽ മുംബൈയിൽ രണ്ട് തെരുവ് കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മലാഡ് വെസ്റ്റ് സ്വദേശികളായ മനോജ് സംഗംലാൽ കേസർവാനി (42), രാഹുൽ സദൻലാൽ കേസർവാനി (25) എന്നിവരാണ് പിടിയിലായത്. മലാഡിലെ രാജൻപാഡ പ്രദേശത്ത് കച്ചവടം നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

ഇന്നലെ പ്രദേശവാസി നൽകിയ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് മഞ്ഞ ഫോസ്ഫറസ് അടങ്ങിയ ‘റാറ്റോൾ’ എന്ന എലിവിഷം കണ്ടെടുത്തു. തുടർന്ന് കട പോലീസ് സീൽ ചെയ്തു. രാത്രികാലങ്ങളിൽ എലികൾ പഴങ്ങൾ നശിപ്പിക്കാതിരിക്കാനാണ് വിഷം പുരട്ടിയതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.

വാഴപ്പഴങ്ങളിൽ ക്രീം രൂപത്തിലുള്ള വിഷം പുരട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷ്യവസ്തുക്കളിൽ ഇത്തരം മാരക വിഷാംശങ്ങൾ കലരുന്നത് ഛർദ്ദി, വയറുവേദന, ആന്തരിക അവയവങ്ങളുടെ തകരാർ എന്നിവയ്ക്കും മരണത്തിനും വരെ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ്, പ്രതികളെ ബോറിവാലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തെരുവ് ഭക്ഷണങ്ങളുടെ ശുചിത്വത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം പ്രവണതകൾ തടയാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) ബിഎംസിയും കർശന പരിശോധനകൾ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Also read: