02/03/2026
[fontresizer_tawhidurrahmandear_widget]

‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം, ശബരിമലയിൽ യുവതീപ്രവേശം വേണ്ട’; സുപ്രീംകോടതിയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്

 ‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം, ശബരിമലയിൽ യുവതീപ്രവേശം വേണ്ട’; സുപ്രീംകോടതിയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം മാർച്ച് 14-ന് സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.

ക്ഷേത്രങ്ങളെയും അവിടുത്തെ ആചാരങ്ങളെയും പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ പ്രാഥമിക ചുമതലയെന്നും, അതിനാൽ തന്നെ മുൻവിധിക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018-ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച വിഷയമാണിത്. ഏപ്രിൽ ഏഴിന് ഒൻപതംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് ബോർഡിന്റെ നിർണ്ണായക നീക്കം.

അതേസമയം, വിഷയത്തിൽ സർക്കാരിന്റെ നിലപാട് മന്ത്രിസഭ തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സ്വന്തം നിലപാട് സ്വീകരിക്കാൻ ദേവസ്വം ബോർഡിന് സ്വതന്ത്രമായ അവകാശമുണ്ടെന്നും സർക്കാർ അതിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചിരുന്നതെങ്കിലും, വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ആചാര സംരക്ഷണത്തിനായി ബോർഡ് കോടതിയെ സമീപിക്കുന്നത് ശബരിമല വിഷയത്തിൽ പുതിയ നിയമപോരാട്ടങ്ങൾക്ക് വഴിതുറക്കും.

Also read: