ഖത്തറിലും സൗദിയിലും സ്ഫോടനത്തിന് പദ്ധതിയിട്ട മൊസാദ് ചാരന്മാർ പിടിയിൽ; വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകൻ
ദോഹ/റിയാദ്: ഗൾഫ് രാജ്യങ്ങളായ ഖത്തറിലും സൗദി അറേബ്യയിലും സ്ഫോടനങ്ങൾ നടത്താൻ മൊസാദ് സംഘം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ ടക്കർ കാൾസൻ ആണ് തന്റെ ‘പോഡ്കാസ്റ്റ്’ പരിപാടിയിലൂടെ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഗൂഢാലോചനയുടെ ഭാഗമായ മൊസാദ് ഏജന്റുമാരെ ഇരുരാജ്യങ്ങളും ചേർന്ന് പിടികൂടിയതായും അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണു പിടിയിലായതെന്നാണ് ടക്കർ കാൾസൻ പറയുന്നത്. ഇവരെ ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗം പിടികൂടി തടങ്കലിലാക്കിയതായും അദ്ദേഹം പറയുന്നു. അതേസമയം, അമേരിക്കയിൽ ഉൾപ്പെടെ ഇപ്പോൾ വലിയ ചർച്ചയായി മാറിയ സംഭവത്തെ കുറിച്ച് സൗദിയും ഖത്തറും ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നടത്തുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
അമേരിക്കയുടെ അറബ് സഖ്യകക്ഷികൾക്കിടയിൽ മനഃപൂർവം അസ്ഥിരതയുണ്ടാക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ടക്കർ കാൾസൺ ആരോപിച്ചു. ഇറാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ തകർക്കാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്. ഇറാനിൽനിന്നുള്ള ഭീഷണി നിലനിൽക്കെ എന്തിനാണ് ഇസ്രയേൽ ഗൾഫ് രാജ്യങ്ങളിൽ ആക്രമണത്തിന് മുതിരുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട ശനിയാഴ്ചത്തെ സംയുക്ത സൈനിക നീക്കത്തിന് ശേഷം അമേരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം തുടരുന്നതിനിടയിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിനിടെ, സൗദി അരാംകോയുടെ റാസ് തനൂറയിലെ ഓയിൽ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും, അറബ് രാജ്യങ്ങളെ പ്രകോപിപ്പിച്ച് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്കയും ഇസ്രയേലുമാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ഇറാൻ ആരോപിക്കുന്നുണ്ട്.
മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ പുറത്തുവന്ന വെളിപ്പെടുത്തൽ ഗൾഫ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.