04/03/2026
[fontresizer_tawhidurrahmandear_widget]

റിയാദിലെ യുഎസ് എംബസി ഡ്രോൺ ആക്രമണം: ഇറാൻ ലക്ഷ്യമിട്ടത് സിഐഎ ഏജൻറുമാരെ; ആസ്ഥാനത്ത് വൻ നാശനഷ്ടങ്ങൾ, ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട്‌

 റിയാദിലെ യുഎസ് എംബസി ഡ്രോൺ ആക്രമണം: ഇറാൻ ലക്ഷ്യമിട്ടത് സിഐഎ ഏജൻറുമാരെ; ആസ്ഥാനത്ത് വൻ നാശനഷ്ടങ്ങൾ, ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട്‌

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിൽ എംബസിക്കുള്ളിലെ സിഐഎ സ്റ്റേഷൻ തകർന്നതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലുള്ള എംബസി വളപ്പിൽ രണ്ട് ഡ്രോണുകൾ പതിച്ചതായി യുഎസ്-സൗദി സർക്കാരുകൾ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയുടെ ചാരകേന്ദ്രം ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ’വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ പശ്ചിമേഷ്യയിലെ ചാരപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. സിഐഎയെ തങ്ങളുടെ പരമശത്രുവായി കാണുന്ന ഇറാന് ഇതൊരു പ്രതീകാത്മക വിജയമാണ്.

​ ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിന്റെ മേൽക്കൂര തകരുകയും ഉൾഭാഗം കറുത്ത പുകയാൽ നിറയുകയും ചെയ്തു. കെട്ടിടത്തിൽനിന്ന് തീഗോളങ്ങൾ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭ്യന്തര അറിയിപ്പിൽ പറയുന്നു.

​സിഐഎ ഉദ്യോഗസ്ഥരോ മറ്റ് നയതന്ത്ര പ്രതിനിധികളോ കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോർട്ടുകളില്ല. ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

റിയാദിലെ നയതന്ത്ര മേഖലയിൽ അതിശക്തമായ സ്ഫോടനശബ്ദം കേട്ടതായും വലിയ തോതിൽ പുക ഉയർന്നതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. മേഖലയിൽ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെ സൗദിയിലെ അമേരിക്കൻ പൗരന്മാരോട് വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കാൻ എംബസി നിർദ്ദേശം നൽകി. നയതന്ത്ര കാര്യാലയം അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്തിട്ടുണ്ട്.

റിയാദിലെ എംബസിക്ക് നേരെ നടന്ന ആക്രമണത്തിനും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനും കനത്ത തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചടി എങ്ങനെയുള്ളതായിരിക്കുമെന്ന് ലോകം ഉടൻ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് നിലവിൽ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധക്കളത്തിലേക്ക് ഇറക്കേണ്ടി വരുമെന്ന് കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Also read: