04/03/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ യുദ്ധക്കപ്പലിനുനേരെ അന്തർവാഹിനി ആക്രമണം; നാവികരെ രക്ഷിച്ച് ശ്രീലങ്ക

 ഇറാൻ യുദ്ധക്കപ്പലിനുനേരെ അന്തർവാഹിനി ആക്രമണം; നാവികരെ രക്ഷിച്ച് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ മുങ്ങി. അന്തർവാഹിനിയിൽനിന്നുള്ള ആക്രമണമാണ് കപ്പൽ തകരാൻ കാരണമെന്ന് സംശയിക്കുന്നു. ബുധനാഴ്ച പുലർച്ചെ തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ‘ഐറിസ് ദെന’ എന്ന ഇറാനിയൻ കപ്പൽ അപകടത്തിൽപ്പെട്ടത്.

കപ്പലിൽ ഏകദേശം 180 നാവികർ ഉണ്ടായിരുന്നു. ഇതിൽ 100 മുതൽ 150 വരെ പേരെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടവിവരം അറിഞ്ഞയുടനെ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചു.

ഇതുവരെ 32 നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഇവരെ ഗാലെയിലെ കരാപിറ്റിയ ടീച്ചിങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഇറാൻ നാവികസേനയുടെ മൗജ് ക്ലാസ് ഫ്രിഗേറ്റാണ് ഐറിസ് ദെന. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ 2026’ നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഈ കപ്പൽ എന്നാണു വിവരം.

ആക്രമണം നടത്തിയത് ഏത് രാജ്യമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, മേഖലയിൽ അമേരിക്കൻ അന്തർവാഹിനികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രയേൽ-അമേരിക്കൻ സഖ്യം ഇറാനെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണോ ഇതെന്നും സംശയിക്കുന്നു. അമേരിക്കൻ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഇറാനിയൻ കപ്പലുകൾ തകർത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാൻ നയതന്ത്ര പ്രതിനിധികൾ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം രക്ഷാപ്രവർത്തനം തുടരുകയാണെന്നും കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാണെന്നും അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചാണ് തങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു.

Also read: